ഒഡീഷയുടെ പരിശീലകനായി വസിം ജാഫറിനെ നിയമിച്ചു

ന്ത്യയുടെ മുന്‍ താരവും ഫസ്റ്റ് ക്ലാസ് ഇതിഹാസ താരവുമായ വസീം ജാഫര്‍ ഒഡീഷയുടെ മുഖ്യപരിശീലകനാവും. രണ്ട് സീസണിലേക്കാണ് ജാഫര്‍ ഒഡീഷയെ പരിശീലിപ്പിക്കുക. ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍പ് ബംഗ്ലാദേശ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായിരുന്ന ജാഫര്‍ കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡ് പരിശീലകനായി ചുമതലയേറ്റു എങ്കിലും ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. 2020ലാണ് ജാഫര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സെലക്ടര്‍മാര്‍ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ആരോപിച്ചാണ് ജാഫര്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ജാഫര്‍ മുസ്ലിം കളിക്കാരെ ടീമില്‍ തിരുകിക്കയറ്റി എന്നും ഇഖ്ബാല്‍ അബ്ദുല്ലയെ ടീം ക്യാപ്റ്റന്‍ ആക്കാന്‍ ശ്രമിച്ചു എന്നും മഹിം വര്‍മ പറഞ്ഞു. മൗലവിമാരെ ക്യാമ്പില്‍ കൊണ്ടുവന്ന് നിസ്‌കാരം നടത്തി എന്നും ഹിന്ദു മതവുമായ ബന്ധപ്പെട്ട ടീം മുദ്രാവാക്യം മാറ്റി എന്നുമാണ് വര്‍മ ആരോപിച്ചത്. ഈ ആരോപണങ്ങള്‍ക്കൊക്കെ ജാഫര്‍ മറുപടി നല്‍കിയിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000ഓളം റണ്‍സുകളുള്ള ജാഫറിന്റെ ബാറ്റിംഗ് ശരാശരി 51.42 ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏതാണ്ടെല്ലാ റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലാണ്. ഏറ്റവുമധികം റണ്ണുകള്‍, ഏറ്റവുമധികം മത്സരങ്ങള്‍ തുടങ്ങിയ റെക്കോര്‍ഡുകളൊക്കെ ജാഫറിന്റെ പേരിലാണ്. 41ആം വയസ്സില്‍ അദ്ദേഹം വിദര്‍ഭയെ നയിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജാഫര്‍ 31 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 1944 റണ്‍സ് ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

 

Top