അടുത്ത വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 5.8 ശതമാനമായി ഉയരും: ലോകബാങ്ക്‌

വാഷിങ്ടണ്‍: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കൂടുമെന്ന് ലോകബാങ്ക്. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനമാണെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.8 ശതമാനമായി ഉയരുമെന്നാണ് ലോകബാങ്ക് പറയുന്നത്. ആഗോള സാമ്പത്തിക സാധ്യതകളെക്കുറിച്ചുള്ള പുതിയ പതിപ്പിലാണു ലോക ബാങ്കിന്റെ ഈ പ്രവചനം.

ബംഗ്ലദേശിന്റെ വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്നും പാക്കിസ്ഥാനില്‍ ഇത് മൂന്ന് ശതമാനമോ അതില്‍ കുറവോ ആയിരിക്കുമെന്നും ലോക ബാങ്ക് അറിയിച്ചു. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലാണു വളര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്നത്. ബാങ്കിങ് ഇതര മേഖലയിലെ കടുത്ത വായ്പാ സാഹചര്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര ആവശ്യം ഗണ്യമായി ദുര്‍ബലപ്പെടുത്തുന്നതിന് കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക, കോര്‍പ്പറേറ്റ് മേഖലകളിലെ ബാലന്‍സ് ഷീറ്റുകള്‍ പരിഹരിക്കുന്നതിനുള്ള പരിഷ്‌കാരങ്ങളിലെ തിരിച്ചടി എന്നിവയാണു സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും താഴേക്ക് പോകാന്‍ കാരണമായത്.

2019ല്‍ ഇന്ത്യയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞിരുന്നു. ഉല്‍പാദന, കാര്‍ഷിക മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. 2019ല്‍-ജൂണ്‍, ജൂലൈ-സെപ്റ്റംബര്‍ പാദങ്ങളില്‍ ജിഡിപി വളര്‍ച്ച യഥാക്രമം അഞ്ച് ശതമാനമായും 4.5 ശതമാനമായും കുറഞ്ഞു.അതേസമയം, സര്‍ക്കാരുമായി ബന്ധപ്പെട്ട സേവന ഉപമേഖലകള്‍ക്കു പൊതുചെലവില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2013ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. എല്‍പിജിയുടെ സബ്‌സിഡി ക്രമേണ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബാങ്ക് റിപ്പോര്‍ട്ടില്‍ പ്രശംസിച്ചു. നിക്ഷേപവും വ്യാപാരവും കഴിഞ്ഞ വര്‍ഷത്തെ കാര്യമായ ബലഹീനതയില്‍ നിന്ന് ക്രമേണ കരകയറുന്നതിനാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച 2020 ല്‍ 2.5 ശതമാനമായി ഉയരും.

യുഎസിന്റെ വളര്‍ച്ച ഈ വര്‍ഷം 1.8 ശതമാനമായി കുറയും. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായതിനെത്തുടര്‍ന്ന് യൂറോപ്പിലെ വളര്‍ച്ച ഒരു ശതമാനം താഴേക്ക് വരുമെന്നും ദക്ഷിണേഷ്യയിലെ പ്രാദേശിക വളര്‍ച്ച 2022 ല്‍ ആറ് ശതമാനമായി ഉയരുമെന്നും ലോകബാങ്ക് പ്രവചിക്കുന്നുണ്ട്.

Top