കൊവിഡ്; പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് അമേരിക്കന്‍ മാധ്യമം

കൊറോണ വൈറസിനെതിരെ കേരളം കൈകൊണ്ട ശക്തമായ പ്രതിരോധ നടപടികളെ പ്രശംസിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. വൈറസ് രോഗബാധയ്‌ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റിങ് നിരക്കുള്ള കേരളം കേന്ദ്രസര്‍ക്കാരിന് തന്നെ പിന്തുടരാവുന്ന പ്രവര്‍ത്തനങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന്റെ നടപടി “കര്‍ശനവും മനുഷ്യത്വ”പരവുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രോഗവ്യാപനം തടയാനുള്ള നടപടികള്‍, കോവിഡ് സംശയമുള്ളവരെ ക്വാറന്റൈന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി. 30 വര്‍ഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടത്തെ ഉയര്‍ന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം കുറയ്ക്കാനും 124 പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച രീതിയാണു കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്നു കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുമ്പോള്‍ ആളുകളെ പരിശോധിക്കുന്നതില്‍ കേരളം സജീവമായി തന്നെ മുന്നില്‍ നിന്നു.

Top