മോഷണം നടത്തിയ കള്ളന് കുറ്റബോധം;കത്തെഴുതിവെച്ച് മഹാന്‍ രക്ഷപ്പെട്ടു

വാഷിംങ്ടണ്‍: പള്ളിയില്‍ കയറി മോഷണം നടത്തിയ കള്ളന് കുറ്റബോധം. അമേരിക്കയിലെ കണക് ടിക്കട്ടിലെ മൗണ്ട് ഒലിവ് എ എം ഈ സിയോണ്‍ പള്ളിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പള്ളി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൂന്നു ലക്ഷം രൂപയുടെ ഓഡിയോ – വീഡിയോ ഉപകരണങ്ങളാണ് കള്ളന്‍ അടിച്ചുമാറ്റിയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. എല്ലാം വാരിപ്പെറുക്കി രാവിലെ തിരികെപ്പോരാന്‍ നേരത്താണ് കള്ളന് കുറ്റബോധം തോന്നിയത്. വിലപിടിച്ചതെല്ലാം അടിച്ചുമാറ്റി പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ചെയ്ത തെറ്റ് ക്ഷമിക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നും സന്ദേശം എഴുതിവച്ച് കള്ളന്‍ രക്ഷപ്പെട്ടു. കത്ത് പരിഗണിച്ച് പിറ്റേദിവസം കള്ളന് വേണ്ടി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. മോഷണത്തിന്റെയും കത്തിന്റെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

”സഹോദരന്മാരേ, ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. സാഹചര്യങ്ങള്‍ കൊണ്ട് ചെയ്തുപോയതാണ്. എല്ലാത്തിനും മാപ്പുചോദിക്കുന്നു. എനിക്കുവേണ്ടി നന്നായി പ്രാര്‍ത്ഥിക്കണം”- ഇതാണ് കള്ളന്‍ കത്തിലെഴുതിയ വാചകങ്ങള്‍. ദൃശ്യങ്ങളുടെ സഹായത്തോടെ കള്ളനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ പൊലീസ്. പക്ഷേ, ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കത്തെഴുതി മോഷ്ടാവ് ക്ഷമാപണം നടത്തുന്നത് ആദ്യത്തെ സംഭവമല്ല. അമേരിക്കയിലെ ഒരു റസ്‌റ്റോന്റില്‍ നിന്ന് പണം മോഷ്ടിച്ചു കടന്ന ജോലിക്കാരി പത്തു കൊല്ലത്തിനു ശേഷം, ഉടമയ്ക്ക് ക്ഷമ ചോദിച്ചുള്ള കത്ത് എഴുതിയത് വൈറലായിരുന്നു.

Top