കൊറോണ മരണം; ചൈനയുടെ ഔദ്യോഗിക കണക്കുകള്‍ വിശ്വാസയോഗ്യമല്ല: നിക്കി ഹാലെ

വാഷിങ്ടണ്‍: കൊറോണ വൈറസ് മൂലമുണ്ടായ മരണങ്ങള്‍ സംബന്ധിച്ച് ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കുകളില്‍ സംശയം പ്രകടിപ്പിച്ച് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ നേതാവ് നിക്കി ഹാലെ. മറ്റുള്ളവരെ സഹായിക്കുന്നതിനു പകരം സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് നിക്കി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ചാരസംഘടന സിഐഎ ചൈനയുടെ കണക്കുകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നിക്കി ഹാലെയുടെ ഈ പ്രസ്താവന. ചൈന പുറത്തുവിട്ട കണക്കില്‍ 82,000 പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും 3,300 പേര്‍ മരിക്കുകയും ചെയ്‌തെന്നാണ്. എന്നാല്‍ 150 കോടി ജനങ്ങളുള്ള ചൈനയെ സംബന്ധിച്ചടത്തോളം ഈ കണക്കുകള്‍ പൊരുത്തപ്പെടാത്തതാണ്.

വൈറസ് മൂലമുള്ള മഹാവ്യാധിയില്‍ നിന്ന് മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനു പകരം ചൈന അവരുടെ അഭിമാനം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്, നിക്കി ഹാലെ ട്വീറ്ററില്‍ പറഞ്ഞു.

ചൈന പുറത്തുവിട്ട കണക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൊവ്വാഴ്ച പ്രസ്താവിച്ചിരുന്നു.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കൊറോണ ബാധിച്ചിട്ടുള്ള രാജ്യം അമേരിക്കയാണ്. 245,341 പേരാണ് അമേരിക്കയില്‍ വൈറസ് ബാധിച്ചിരിക്കുന്നത്. 6095 പേര്‍ അമേരിക്കയില്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Top