പ്രവര്‍ത്തിക്കാത്ത വാഷിംഗ് മെഷീനില്‍ ചത്ത പാമ്പിനെ കണ്ടെത്തി

വാഷിംഗ്ടൺ: കേടുസംഭവിച്ച വാഷിംഗ് മെഷീൻ തുറന്നപ്പോൾ കുടുബം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മോട്ടറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ചത്ത പാമ്പിനെയാണ് കുടുംബം കാണുന്നത്. ഫ്‌ളോറിഡ സ്വദേശിയായ ആലിസൺ എന്നയാളുടെ വീട്ടിലാണ് സംഭവം.

വാഷിംഗ് മെഷീന്റെ മോട്ടോറിന് കേടുസംഭവിച്ചു എന്നാണ് കുടുംബം ആദ്യം കരുതിയത്. തുടർന്ന് മെക്കാനിക്കിനെ നന്നാക്കാനായി വിളിക്കുകയായിരുന്നു. മെഷീൻ തുറന്നു നോക്കിയ മെക്കാനിക് കാണുന്നത് ചത്ത പാമ്പിനെയാണ്. വാഷിംഗ് മെഷീന്റെ മോട്ടറിൽ കുടുങ്ങി ചത്ത നിലയിലായിരുന്നു പാമ്പ്. ആദ്യം പാമ്പിന്റെ ഡിസൈനിലുള്ള തുണിയാണിതെന്നാണ് കരുതിയത്. പിന്നീടാണ് പെരുമ്പാമ്പാണിതെന്ന് തിരിച്ചറിയുന്നത്.

പാമ്പിനെ പുറത്തെടുത്തോടെ മെഷീൻ ശരിയായി പ്രവർത്തിക്കാൻ തുടങ്ങിയതായി ആലിസൺ പറഞ്ഞു. തുണിയലക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മെഷിനിൽ എങ്ങനെ പെരുമ്പാമ്പ് കയറിയെന്ന് മനസിലാകുന്നില്ലെന്ന് കുടുംബം പറയുന്നു. മെഷീൻ പ്രവർത്തിച്ചപ്പോൾ മോട്ടറിൽ കുരുങ്ങി ചത്ത് പോയതാവാം പാമ്പ്. പാമ്പിന് ഷോക്ക് അടിച്ചതായും വീട്ടുകാർ പറയുന്നു.

Top