ഗംഭീറിനെ കാണ്‍മാനില്ല; രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധം

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണ്‍മാനില്ലെന്ന് പോസ്റ്ററുകള്‍. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഗംഭീറിനെ കാണ്‍മാനില്ലെന്ന് കാട്ടി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഗംഭീറിന്റെ ചിത്രമുള്‍പ്പടെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ വായു മലിനീകരണം ചര്‍ച്ച ചെയ്യാന്‍ നഗരവികസ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ മാസം 15ന് ചേര്‍ന്ന് യോഗത്തില്‍ ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്. യോഗത്തില്‍ നിന്നും വിട്ടുനിന്ന ഡല്‍ഹി എംപി കൂടിയായ ഗംഭീറിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

യോഗത്തില്‍ ഗംഭീറിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളാകാം പോസ്റ്റര്‍ പതിച്ചതിനു പിന്നിലെന്നാണ് നിഗമനം. സംഭവത്തേക്കുറിച്ച് ഗംഭീറോ ബിജെപി കേന്ദ്രങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഉന്നതല യോഗത്തില്‍ പങ്കെടുക്കാതെ ഗംഭീര്‍ കൂട്ടുകാര്‍ക്കൊത്ത് ഉല്ലസിക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെതിരെ നിരവധി പ്രിതഷേധങ്ങളാണ് ഉയരുന്നത്. ജനങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി പാര്‍ട്ടി ആരോപിച്ചത്. എംപിയുടെ നിരുത്തരവാദിത്തത്തിന് ഉദാഹരണമാണ് ഇതെന്നും എഎപി കുറ്റപ്പെടുത്തി.

ഷെയിം ഓണ്‍ യു ഗൗതം എന്ന പേരിലാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് പ്രതിഷേധം നടക്കുന്നത്. ഗംഭീര്‍ കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ മുന്‍ ഇന്ത്യന്‍ താരം വി വി എസ് ലക്ഷ്മണ്‍ പുറത്തുവിട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Top