ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്

റാഞ്ചി: ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ റാഞ്ചി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അജയ് കുമാര്‍ സിങ് എന്നയാളുടെ പരാതിയെത്തുടര്‍ന്നാണ് റാഞ്ചി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്.

അമീഷ പട്ടേലും ബിസിനസ് പങ്കാളിയായ കുനാലും സിനിമ നിര്‍മ്മിക്കുന്നതിനായി 2.50 കോടി രൂപ വായ്പ എടുത്തിരുന്നു. 2018 ല്‍ ചിത്രം റിലീസ് ചെയ്ത ശേഷം പണം തിരികെ നല്‍കാമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പറഞ്ഞ വര്‍ഷം ചിത്രം റിലീസ് ചെയ്തില്ല. പിന്നീട് ഇവരെ സമീപിച്ചപ്പോള്‍ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കി. എന്നാല്‍ ഈ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി എന്നും അജയ് കുമാര്‍ ആരോപിക്കുന്നു.

തുടര്‍ന്ന് അവരെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ‘അമീഷയും സുഹൃത്ത് കുനാലും എന്റെ ഫോണ്‍ കോളുകള്‍ അവഗണിക്കാന്‍ തുടങ്ങി. താന്‍ നല്‍കിയ നോട്ടീസിന് നടി മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം റാഞ്ചി ജില്ലാ കോടതിയില്‍ പരാതി നല്‍കിയതെന്നും അജയ് കുമാര്‍ സിങ് പറഞ്ഞു.

Top