ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന് താരങ്ങള്‍ക്ക് മുന്നറിയിപ്പ്

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ്. സിനിമാ-കായിക താരങ്ങളോടാണ് ഇനിമുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്.

ചൈന-ഇന്ത്യ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം തുടരുന്ന അവസരത്തിലാണ് സിഎഐടി പുതിയ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ശില്‍പ ഷെട്ടി, മാധുരി ദീക്ഷിത്, മഹേന്ദ്ര സിങ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സോനു സൂദ് എന്നിവരോട് ക്യാംപെയിന്റെ ഭാഗമാകാനും സിഎഐടി ആവശ്യപ്പെട്ടു.

നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളോട് അതില്‍ നിന്നും പിന്മാറാനും നിര്‍ദ്ദേശമുണ്ട്. 81.86 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി ബന്ധത്തോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന.

Top