വിശ്വാസികള്‍ക്കുള്ള മുന്നറിയിപ്പുകളെ ദുരുദ്ദേശ്യത്തോടെ വ്യാഖ്യാനിക്കരുത്; കെ സി ബി സി

കൊച്ചി: വിശ്വാസികള്‍ക്കു വേണ്ടി വൈദികര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ മുന്നറിയിപ്പുകളെ ചിലര്‍ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച് വിവാദം സൃഷ്ടിക്കുകയാണെന്ന് കെ.സി.ബി.സി. മതസൗഹാര്‍ദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരെയും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ പിന്തുണച്ചാണ് കെ.സി.ബി.സിയുടെ പ്രസ്താവന.

മതസൗഹാര്‍ദ്ദത്തിന് വേണ്ടി നിലകൊള്ളുമെന്നും സാമൂഹിക തിന്മകളെ ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ വിശദമായ അന്വേഷണവും പഠനവും നടത്തി ശക്തമായ നടപടി എടുക്കണമെന്നും കെ.സി.ബി.സി പ്രസ്താവനയില്‍ പറയുന്നു. സൗഹാര്‍ദ്ദ നിലപാടുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് തന്നെയാണ് തങ്ങള്‍ക്ക്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പ്രത്യേക സമ്മേളനത്തിന് ശേഷം പുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ വിശദീകരിക്കുന്നു.

‘ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യംവെച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയെയും ആരോഗ്യകരമായ സഹവര്‍ത്തിത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന് മറ്റ് നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി, ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നുവരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തള്ളിക്കളയുന്നു’ എന്നാണ് വാര്‍ത്താക്കുറിപ്പില്‍ ഫാ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി വ്യക്തമാക്കുന്നു.

Top