ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലെന്ന് മുന്നറിയിപ്പ്. വിവിധ മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം സ്‌ഫോടനാത്മകമായ അവസ്ഥയിലാണ് എന്നാണ് രാജ്യത്തെ കോവിഡ് വൈറസ് ജനിതക ഘടനാ വ്യതിയാനം പഠിക്കുന്ന സമിതിയുടെ മുന്നറിയിപ്പ്.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒമിക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാതെയും തീവ്രത കുറഞ്ഞോ ആണ് ബാധിക്കുന്നത്. നിലവിലെ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഐസിയു ഉപയോഗവും വര്‍ദ്ധിച്ചു. രോഗ വ്യാപനത്തിന്റെ ഭീഷണി മാറ്റമില്ലാതെ തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും ഏജന്‍സി പറയുന്നു. ജനുവരി പത്തിന് തയ്യാറാക്കിയ ബുള്ളറ്റിനിലാണ് മുന്നറിയിപ്പ്. ശനിയാഴ്ചയാണ് ബുള്ളറ്റില്‍ പുറത്ത് വിട്ടത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,33,533 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 525 മരണങ്ങളും സ്ഥിരീകരിച്ചു. 2,59,168 പേര്‍ രോഗമുക്തരായി. നിലവില്‍ 21,87,205 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.65 ശതമാനവുമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.18 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Top