അശ്ലീല പരാമ‍ർശം: എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എ.വിജയരാഘവന് താക്കീത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയാണ് താക്കീത് നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശം. ജനപ്രാതിനിധ്യ നിയമം 123(4) ന്‍റെ ലംഘനമാണിതെന്നും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നൽകി.

എൽഡിഎഫ് കൺവീനറുടെ മോശം പരാമർശത്തിനെതിരെ ആലത്തൂർ കോടതിയിൽ രമ്യ ഹരിദാസ് പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി.

വനിതാ കമ്മീഷനെതിരേ രമ്യ ഹരിദാസ് നേരത്തെ രംഗത്തെതിയിരുന്നു. വനിതാ കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണ്. കെ. സുധാകരനെതിരേ പത്രത്തില്‍ വാര്‍ത്ത കണ്ട് കേസെടുത്ത വനിതാ കമ്മീഷന്‍ തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും രമ്യാ ഹരിദാസ് ആരോപിച്ചു.

പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പൊന്നാനിയില്‍ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Top