സംസ്ഥാനത്ത്  രാത്രിയും മഴ തുടരുമെന്ന് മുന്നറിയിപ്പ്; കാണാതായത് 12 പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുമ്പോള്‍ മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയുമുണ്ടായ അപകടങ്ങളില്‍ കാണാതായത് 12 പേരെ. ഇടുക്കിയിലെ കൊക്കയാറില്‍ മാത്രം എട്ട് പേരെ കണ്ടെത്താനുണ്ട്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവിടെ നാല് പേരെ കൂടെ കണ്ടെത്താനുണ്ട്. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

അതേസമയം ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരാനാണ് സാധ്യത. അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നെങ്കിലും മഴ തുടരുമെന്നാണ് വിലയിരുത്തല്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റില്‍ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടു പോകുന്നത് 1331 ഘനയടി വെള്ളം മാത്രമാണ്.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായത് എട്ട് പേരെയാണെന്ന് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. ആന്‍സി (45), ചിറയില്‍ ഷാജി (50), പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ സച്ചു ഷാഹുല്‍ (മൂന്ന്), കല്ലുപുരയ്ക്കല്‍ ഫൈസല്‍ നസീറിന്റെ മക്കളായ അപ്പു, മാളു എന്നിവരും ഫൈസലിന്റെ സഹോദരി ഫൗസിയയും മക്കള്‍ അഹിയാന്‍, അഫ്‌സാന എന്നിവരെയുമാണ് കാണാതായത്.

കൂട്ടിക്കലിലെ കാവാലി ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പൊലീസ് ഏറ്റെടുത്തു. മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റും. പ്ലാപ്പള്ളിയിലെ മൂന്ന് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എടുക്കാനായില്ല. മൃതദേഹങ്ങള്‍ ചളിമൂടിയ നിലയിലാണ്. കൂട്ടിക്കലിലെ (മുണ്ടക്കയം കോട്ടയം) ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞതില്‍ ഒരു കുടുംബത്തിലെ ആറ് പേരുണ്ടെന്ന് വ്യക്തമായി. ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. മാര്‍ട്ടിന്റെ ഭാര്യയും മക്കളും അടക്കം ആറ് പേര്‍ മരിച്ചു. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണിത്. കുത്തൊഴുക്കില്‍ വീടുകള്‍ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോവുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Top