ഡി.ജി.പി ആയിരിക്കെ സെൻകുമാർ പുറത്തിറക്കിയ സർക്കുലറിലും താക്കീത് !

മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ശരിക്കും ഇപ്പോൾ ഞെട്ടിയിരിക്കുന്നത് കേരള പൊലീസാണ്. ഇതോടെ ദിലീപ് പ്രതിയായ രണ്ടു കേസുകളിലും പൊതു സമൂഹത്തിന്റെ അഭിപ്രായവും രണ്ടായി മാറിയിട്ടുണ്ട്. പുറത്തു വരുന്ന പ്രതികരണങ്ങളിലും അതു വ്യക്തമാണ്. അതിജീവതയ്ക്ക് ഒപ്പം നിൽക്കുന്നവരും പ്രോസിക്യൂഷനും ആർ ശ്രീലേഖക്കെതിരെ ശക്തമായി രംഗത്തു വന്നിട്ടും പറഞ്ഞതൊന്നും തിരുത്താൻ അവർ തയ്യാറായിട്ടില്ല. അവരിപ്പോഴും അതിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് ശ്രമിക്കുന്നത്.

കോടതി വിധി പറയും മുൻപ് ദിലീപ് നിരപരാധിയാണെന്ന് എങ്ങനെ പറയുമെന്നാണ് അതിജീവതയുടെ അഭിഭാഷക ഉൾപ്പെടെ ചോദിച്ചിരിക്കുന്നത്. ഇതിന് മറുവിഭാഗവും ചുട്ട മറുപടിയാണ് സോഷ്യൽ മീഡിയകളിലൂടെ നൽകുന്നത്. വിചാരണ പൂർത്തിയാകും മുൻപ്, വിചാരണ കോടതിക്കെതിരെ രംഗത്തു വന്നവർക്ക് ഇങ്ങനെ പറയാൻ എന്തവകാശമെന്നാണ് ചോദ്യം. കാര്യങ്ങൾ എന്തായാലും ശ്രീലേഖയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. പ്രത്യേകിച്ച്, ജയിലിൽ സംഭവിച്ച കാര്യങ്ങൾ അന്നത്തെ ജയിൽ മേധാവി തന്നെ പറയുമ്പോൾ കോടതിക്കും ഇക്കാര്യം ഗൗരവമായി കാണേണ്ടിവരും. ഇക്കാര്യം ദിലീപിന്റെ അഭിഭാഷകർ വിചാരണകോടതിയിൽ ഉന്നയിക്കുമെന്നതും ഉറപ്പാണ്. വെളിപ്പെടുത്തിയ കാര്യങ്ങൾക്കുള്ള തെളിവുകൾ ഹാജരാക്കാൻ അതോടെ ശ്രീലേഖയും നിർബന്ധിക്കപ്പെടും.

നടി ആക്രമിക്കപ്പെട്ട സമയത്ത് സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ടി.പി സെൻകുമാറും അന്വേഷണ സംഘത്തിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായാണ് വിമർശിച്ചിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയിൽ അല്ലന്നാണ് അന്നത്തെ ഡി.ജി.പി തുറന്നടിച്ചിരുന്നത്. അന്വേഷണ സംഘതലവനായ ദിനേന്ദ്ര കശ്യപ് അറിയാതെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും മേൽനോട്ട ചുമതലയുള്ള എഡിജിപി ബി.സന്ധ്യ അന്വേഷണം ഏറ്റെടുക്കുകയാണെന്നുമാണ് സെൻകുമാർ വിമർശിച്ചിരുന്നത്.തുടർന്ന്, അന്വേഷണ സംഘത്തിന്റെ തലവൻ ദിനേന്ദ്ര കശ്യപ് ആണെന്നു വ്യക്തമാക്കി ഡിജിപിക്ക് പ്രത്യേക സർക്കുലർ തന്നെ പുറത്തിറക്കേണ്ട ഗതികേടും ഉണ്ടായി. അസാധാരണമായ നടപടിയായിരുന്നു അത്. കേസിൽ പ്രൊഫഷണൽ അന്വേഷണം വേണമെന്നും ഡി.ജി.പി സെൻകുമാർ പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ പല കാര്യങ്ങളും അറിഞ്ഞിട്ടില്ലന്നും കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിയാതെ ഒരു കാര്യവും മുന്നോട്ട് പോകരുതെന്നും ആ സർക്കുലറിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് പുതിയ വിവാദങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് വിരമിക്കുന്നതിനു തൊട്ടു മുൻപ് ഇത്തരമൊരു സർക്കുലർ സെൻകുമാർ പുറത്തിറക്കിയിരുന്നത്. സെൻകുമാർ അന്നു പുറപ്പെടുവിച്ച സർക്കുലർ  ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ  ഇപ്പോൾ വീണ്ടും പൊലീസ് സേനയിൽ ചർച്ചയായിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിൽ ശ്രീലേഖക്ക് മാത്രമല്ല, സെൻകുമാറിനും സംശയങ്ങൾ ഉണ്ടെന്നു വ്യക്തം. സെൻകുമാറിന്റെ പിൻഗാമിയായി ലോകനാഥ് ബഹ്റ വന്നതോടെയാണ് ബി.സന്ധ്യയുടെ നേതൃത്വത്തിൽ ദിലീപിനെതിരെ ശക്തമായ നീക്കങ്ങൾ നടന്നിരുന്നത്.

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ പ്രതികളെ സഹായിച്ചതുമായി ബന്ധപ്പെട്ട് ബി. സന്ധ്യക്കെതിരെ ഉയർന്ന ആരോപണങ്ങളെ വഴി തിരിച്ചുവിടാനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വേട്ടയാടിയതെന്നാണ് ദിലീപ് തെറ്റ് ചെയ്തിട്ടില്ലന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം സംശയിക്കുന്നത്. ഡിജിപി ബി.സന്ധ്യക്കെതിരെ പിന്നീട് ഗുരുതര ആരോപണങ്ങളാണ് സ്വാമി ഗംഗേശാനന്ദയും ഉന്നയിച്ചിരുന്നത്. “തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ബി സന്ധ്യയാണെന്നും എല്ലാം അവരുടെ അറിവോടെയാണ് നടന്നതെന്നുമായിരുന്നു ആരോപണം.ബി സന്ധ്യയുടെ പങ്കെന്താണെന്ന് അന്വേഷിക്കണമെന്ന് സർക്കാറിനോടും സ്വാമി ആവശ്യപ്പെടുകയുണ്ടായി. കേസിലെ ഉന്നത പൊലീസ് ഗൂഢാലോചനയടക്കമുളള വിഷയങ്ങൾ ആരോപിച്ചുകൊണ്ട് ഗംഗേശാനന്ദ ഡിജിപിക്കും പരാതി നൽകിയിരുന്നു. കണ്ണമ്മൂലയിൽ ബി.സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജൻമസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി.സന്ധ്യയുടെ സ്വാധീനം കൊണ്ട് ഈ ഭൂമി സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്നതോടെയാണ് താൻ സന്ധ്യക്ക് ശത്രുവായതെന്നാണ് ഗംഗേശാനന്ദയുടെ വാദം. ഈ നിലപാടിൽ അദ്ദേഹം ഇപ്പാഴും ഉറച്ചു തന്നെയാണ് നിൽക്കുന്നത്.

ഈ സംഭവങ്ങളെല്ലാം തന്നെ ദിലീപ് പ്രതിയായ കേസിനെ മറ്റൊരു തലത്തിലേക്കാണ് ഉയർത്തിയിരിക്കുന്നത്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുയായി മുൻ ജയിൽ മേധാവി ശ്രീലേഖയും രംഗത്തു വന്നിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശ്രീലേഖയിൽ നിന്നും മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘവും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനോട് ശ്രീലേഖ എത്രമാത്രം സഹകരിക്കുമെന്നതും കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. അന്വേഷണ സംഘത്തിനെതിരെയാണ് പ്രധാനമായും ശ്രീലേഖ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ആ അന്വേഷണ സംഘവുമായി അവർ സഹകരിക്കുമോ എന്നതും പ്രസക്തമായ ചോദ്യമാണ്. ഈ അന്വേഷണ സംഘം തുടരന്വേഷണം നടത്തിയിട്ടും വലിയ കാര്യമൊന്നും ഇല്ലന്ന നിലപാടിലാണ് ശ്രീലേഖയുള്ളത്. അവർ തുറന്നു പറഞ്ഞിട്ടില്ലങ്കിലും ആഗ്രഹിക്കുന്നത് സി.ബി.ഐ അന്വേഷണമാണെന്നതും വ്യക്തം.

ദിലീപിനെ പൊലീസ് കുടുക്കിയതാണെന്ന് പരസ്യമായി പറയുക വഴി ബി.സന്ധ്യ നേതൃത്വം നൽകിയ അന്വേഷണ സംഘത്തെ മാത്രമല്ല മുൻ പൊലീസ് മേധാവി ലോകനാഥ് ബഹ്റയെയും ആർ ശ്രീലേഖ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് അവർ പ്രധാനമായും ആരോപിക്കുന്നത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ് എന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഈ ഫോട്ടോയുടെ വിശ്വാസ്യത തന്നെയാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ ഈ ഫോട്ടോ വീണ്ടും കോടതി മേൽ നോട്ടത്തിൽ ഇനി പരിശോധനക്ക് അയക്കേണ്ടി വരും. സെൻട്രൽ ലാബിൽ അയക്കാൻ ദിലീപിന്റെ അഭിഭാഷകരും ആവശ്യപ്പെടാനാണ് സാധ്യത. ദിലീപും പൾസർ സുനിയും ഒരുമിച്ചുള്ള ഫോട്ടോ, ഫോട്ടോ ഷോപ്പ് ചെയ്തതാണ് എന്ന സംശയം ഫോട്ടോ കണ്ടപ്പോൾ തന്നെ താൻ ചൂണ്ടിക്കാട്ടിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥൻ അക്കാര്യം സമ്മതിച്ചതാണെന്ന ഗുരുതര വെളിപ്പെടുത്തലും ശ്രീലേഖ ഇതോടൊപ്പം നടത്തിയിട്ടുണ്ട്. “തെളിവിനു വേണ്ടി ഉണ്ടാക്കിയതാണെന്നാണ്, ആ ഉദ്യോഗസ്ഥനിൽ നിന്നും തനിക്ക് ലഭിച്ച മറുപടിയെന്നാണ് ശ്രീലേഖയുടെ വാദം. പഴയ ‘എസ് കത്തി ‘ സിദ്ധാന്തം’ഓർമ്മപ്പെടുത്തുന്ന വെളിപ്പെടുത്തലാണിത്. ഈ സാഹചര്യത്തിൽ, തെളിവിനു വേണ്ടി ഉണ്ടാക്കിയതാണെന്നു പറഞ്ഞ ഉദ്യോഗസ്ഥനെയും ഇനി ചോദ്യം ചെയ്യേണ്ടി വരും. ഇതു വ്യക്തമായാൽ ഈ ഉദ്യോഗസ്ഥൻ ഉൾപ്പെടെ വ്യാജ തെളിവുണ്ടാക്കിയതിന് പ്രതിയാകാനും സാധ്യത ഉണ്ട്.

‘ജയിലിൽ നിന്നും, കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് പൾസർ സുനി അല്ലന്നും. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയതെന്നും ചൂണ്ടിക്കാട്ടിയ ശ്രീലേഖ ഇയാൾ, ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത് എന്ന, ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും ശ്രീലേഖ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണെന്നും പൾസർസുനി മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും ശ്രീലേഖ തുറന്നടിച്ചിട്ടുണ്ട്. പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന തന്റെ അറിവും അവർ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നതാണ് ശ്രീലേഖയുടെ മറ്റൊരു ഗുരുതര വെളിപ്പെടുത്തൽ.ഇക്കാര്യം, സംസ്ഥാന പൊലീസ് മേധാവിയെ രേഖാമൂലം അറിയച്ചതായും മുൻ ഡി.ജി.പി പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്നത്തെ ഡി.ജി.പി ലോകനാഥ് ബഹ്റയും ഇനി നിലപാട് വ്യക്തമാക്കാൻ നിർബന്ധിക്കപ്പെടും. ഡി.ജി.പിക്ക് ശ്രീലേഖ നൽകിയെന്ന് പറയുന്ന കത്തും കോടതിയിൽ പ്രധാന തെളിവാകും.

ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ലന്നും ഒരേ ടവർ ലൊക്കേഷൻ എന്നത് ഒരിക്കലും തെളിവായി കാണാൻ ആകില്ലന്നും ശ്രീലേഖ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദ്ദമാണ് ഉണ്ടായിരുന്നതെന്നും അവർ തുറന്നടിച്ചിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെ കൂടി വെട്ടിലാക്കുന്ന വാക്കുകളാണിത്.

ഒരാളെ പ്രതി ചേർക്കുന്നതിലെ തർക്കത്തിൽ വിചാരണ അനന്തമായി നീളുകയാണെന്നും ഹാഷ് വാല്യൂ മാറി എന്നൊക്കെ പറയുന്നത് സാങ്കേതികം മാത്രമാണെന്നുമാണ് ശ്രീലേഖയുടെ മറ്റൊരു വാദം.താൻ പറയുന്നത് വിശ്വസിക്കേണ്ടവർ വിശ്വസിച്ചാൽ മതിയെന്ന് പറഞ്ഞാണ് സ്വന്തം യുട്യൂബ് ചാനലിലെ പ്രതികരണം ശ്രീലേഖ അവസാനിപ്പിച്ചിരിക്കുന്നത്

പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ ശ്രീലേഖയെ വിചാരണ കോടതിയിൽ ഇനി വിസ്തരിക്കേണ്ടി വരും. ഇതും, അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാകും. സാധാരണ ഒരു സ്ത്രീയല്ല ശ്രീലേഖ, ഡി.ജി.പിയായി വിരമിച്ച സ്ത്രീയാണ് അവർ. സംസ്ഥാനത്തെ ഈ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറുടെ വെളിപ്പെടുത്തലിനെ അതു കൊണ്ടു തന്നെ നിസാരമായി കാണാനും കഴിയുകയില്ല. പ്രത്യേകിച്ച്, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികൾ ജയിലിൽ കിടക്കുമ്പോൾ അവർ ജയിൽ ഡി.ജി.പി ആയിരുന്നു എന്നത് വെളിപ്പെടുത്തലിന്റെ ഗൗരവവും വർദ്ധിപ്പിക്കുന്നതാണ്.

ശ്രീലേഖയുടെ പ്രതികരണത്തെ, ജൂലൈ 10ന് 24 ന്യൂസ് ആണ് ആദ്യം വിശദമായ ചർച്ചക്ക് വിധേയമാക്കിയിരുന്നത്. തൊട്ടു പിന്നാലെ മറ്റു ചാനലുകൾക്കും അത് ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. വെളിപ്പെടുത്തൽ പുറത്തു വന്നതോടെ സോഷ്യൽ മീഡിയകളിലും ശക്തമായ പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതോടെ, ഒരിടവേളക്കു ശേഷം വീണ്ടും ദിലീപ് പ്രതിയായ കേസുകൾ നിയമകേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.സ്റ്റേറ്റ് പൊലീസ് പ്രതിക്കൂട്ടിൽ ആയതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ ഹൈക്കോടതി അത് അനുവദിക്കാനുള്ള സാധ്യതയും ഇനി ഏറെയാണെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ഒരു കേസിൽ പുതിയതായി ഏതെങ്കിലും തെളിവുകൾ ലഭിച്ചാൽ വിചാരണ നിർത്തിവച്ച് തുടരന്വേഷണത്തിന് ഉത്തരവിടാൻ വിചാരണ കോടതികൾക്കും അധികാരമുണ്ട്. മുൻപ് പല കേസുകളിലും അതു സംഭവിച്ചിട്ടുമുണ്ട്. പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിച്ചിരിക്കെ പുതിയ വെളിപ്പെടുത്തൽ കൂടി വന്ന സ്ഥിതിക്ക് ഇക്കാര്യത്തിൽ, കോടതി ഇനി സ്വീകരിക്കുന്ന നിലപാടും നിർണ്ണായകമാകും.

ദിലീപ് പ്രതിയായ രണ്ട് കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്നാണ് തുടക്കം മുതൽ ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ, ഈ നിലപാടിനാണ് ബലമേകുക. ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി ദിലീപ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ അതോടെ പ്രോസിക്യൂഷനാണ് പ്രതിരോധത്തിലാകുക. സി.ബി.ഐ അന്വേഷണം വന്നാൽ വിചാരണയും ഏറെ നീളും. ഈ സാഹചര്യം കൂടി പരിഗണിച്ചു മാത്രമേ ദിലീപിന്റെ അഭിഭാഷകർ ഒരു തീരുമാനമെടുക്കാൻ സാധ്യതയൊള്ളു. സി.ബി.ഐ വന്നാലും ഇല്ലങ്കിലും ശ്രീലേഖയെ വിചാരണ കോടതിയിൽ വിസ്തരിക്കുമെന്ന കാര്യവും ഉറപ്പാണ്….

EXPRESS KERALA VIEW

Top