ഓഗസ്റ്റില്‍ അതിവര്‍ഷമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്തിന് മറ്റൊരു വെല്ലുവിളികൂടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഗസ്റ്റില്‍ കാലവര്‍ഷം സാധാരണയില്‍ കൂടുതലെന്ന് മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കാലവര്‍ഷം സാധാരണ നിലയില്‍ ആയാല്‍ത്തന്നെ ഓഗസ്റ്റിലേക്ക് അതിവര്‍ഷം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയാറെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടിയന്തരമായി ദുരന്ത പ്രതിരോധ കാര്യങ്ങളില്‍ പരിശീലനം നല്‍കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്കു ചുമതല നല്‍കി കഴിഞ്ഞു.

കോവിഡിനൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ 27,000 കെട്ടിടങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തി. അവയില്‍ ശുചിമുറികളോടു കൂടിയ രണ്ടര ലക്ഷത്തിലേറെ കിടപ്പുമുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാന്‍ മറ്റു സജ്ജീകരണങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കം ഉണ്ടായാല്‍ ഇതിനു സമാന്തരമായി ആളുകളെ തരംതിരിച്ച് പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ സജ്ജമാക്കും. ഇതിനു വേണ്ടി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. ഏതു മോശം സാഹചര്യവും നേരിടാന്‍ തയാറാകണം. കോവിഡ് വ്യാപക ഭീഷണി ഉള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒരുമിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. നാലു തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്.

പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു കെട്ടിടം എന്നിങ്ങനെ സംയോജിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി ഉള്‍പ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും അണക്കെട്ടുകളുടെ സ്ഥിതി തുടര്‍ച്ചായായി വിലയുരുത്തിവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Top