വാര്‍ണര്‍ പറഞ്ഞത് തെറ്റാണ്; ലൈവ്ചാറ്റിനിടെ ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഓസീസ് താരം ഡേവിഡ് വാര്‍ണറുമായിട്ടുള്ള ഇന്‍സ്റ്റ്ഗ്രാം ലൈവ് ചാറ്റില്‍ ഇന്നിങ്സിലെ ആദ്യ പന്ത് നേരിടാന്‍ ശിഖര്‍ ധവാന് മടിയാണെന്ന് രോഹിത് ശര്‍മ പ്രസ്താവന നടത്തിയത്. ചാറ്റിനിടെ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ കളിക്കുമ്പോള്‍ ഓവറിന്റെ അവസാന പന്തില്‍ ധവാന്‍ സിംഗിള്‍ കളിക്കുമായിരുന്നുവെന്ന് വാര്‍ണറും വ്യക്തമാക്കിയിരുന്നു. മാത്രമല്ല പേസര്‍മാരെ നേരിടാന്‍ ധവാന്‍ ഭയന്നിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞിരുന്നു.

ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ധവാന്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനുമായിട്ടുള്ള ഇന്‍സ്റ്റഗ്രാം ചാറ്റിങ്ങിലാണ് ധവാന്‍ മറുപടിയുമായെത്തിയത്. വാര്‍ണറുടെ ആരോപണം ഇന്ത്യന്‍ ഇടങ്കയ്യന്‍ ഓപ്പണര്‍ തള്ളിക്കളയുകാണ് ചെയ്തത്. ആ പറഞ്ഞത് ശരിയല്ല. ഞാന്‍ മനപൂര്‍വം അങ്ങനെ ചെയ്തിട്ടില്ല. വാര്‍ണര്‍ക്ക് തെറ്റിയതായിരിക്കാം.” പേസര്‍മാരെ നേരിടാന്‍ ധവാന് പേടിയാണെന്ന ആരോപണത്തിനും ധവാന്‍ മറുപടി നല്‍കി.

”ഓരോ വ്യക്തിക്കും വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് ഉണ്ടാവുക. ഇന്ത്യന്‍ ടീമിനുവേണ്ടി ഞാന്‍ ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷമായി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഞാനിന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ആദ്യ പന്ത് നേരിട്ടില്ലെങ്കില്‍ക്കൂടി ഞാന്‍ പേസ് ബോളര്‍മാരേ നേരിട്ടേ മതിയാകൂ. പേസ് ബോളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ അവരെ നേടിരുന്നത് തീര്‍ച്ചയായും ബുദ്ധിമുട്ടാണ്. പക്ഷേ എന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ പൊരുതി നില്‍ക്കുകയാണ് ചെയ്യാറുള്ളതെന്നാണ് വാര്‍ണര്‍ക്ക് ധവാന്റെ മറുപടി.

Top