വാര്‍ണര്‍ ടൂര്‍ണമെന്റിന്റെ താരമാവുമെന്ന് ഉറപ്പായിരുന്നു: അരോണ്‍ ഫിഞ്ച്

ദുബൈ: മോശം ഫോമിനെ തുടര്‍ന്ന് പലകോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങളേറ്റാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടി20 ലോകകപ്പിനെത്തിയിരുന്നത്. ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്ന താരത്തിന് ടീമില്‍ നിന്നും സ്ഥാനം വരെ നഷ്ടമായിരുന്നു.

ലോകകപ്പ് സന്നാഹ മത്സരങ്ങളിലും വാര്‍ണര്‍ക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍ ഓസീസിന്റെ ലോകകപ്പ് നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച വാര്‍ണര്‍ ടൂര്‍ണമെന്റിന്റെ താരമായാണ് മടങ്ങുന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലെത്താനും ഒരു ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാവാനും വാര്‍ണര്‍ക്ക് കഴിഞ്ഞു.

ഏഴ് മത്സരങ്ങില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇപ്പോഴിതാ വാര്‍ണറുടെ ഫോമില്‍ ആശങ്കപ്പെടാനില്ലെന്നും ടൂര്‍ണമെന്റിന്റെ താരമാവുക വാര്‍ണറാവുമെന്ന് താന്‍ നേരത്തെ തന്നെ കോച്ച് ജസ്റ്റിന്‍ ലാംഗറിനോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഓസീസ് ക്യാപ്റ്റന്‍ അരോണ്‍ ഫിഞ്ച്.

നിങ്ങള്‍ അത് പ്രതീക്ഷിച്ചിരുന്നില്ല (വാര്‍ണര്‍ ടൂര്‍ണമെന്റിന്റെ താരമാവുമെന്ന്), എന്നാല്‍ എനിക്കുറപ്പുണ്ടായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ജസ്റ്റിന്‍ ലാംഗറിനെ വിളിച്ചിരുന്നു, ‘ഡേവിയെക്കുറിച്ച് വിഷമിക്കേണ്ട, അവന്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായിരിക്കും’ എന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത്. എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വാര്‍ണര്‍. അദ്ദേഹം ഒരു പോരാളിയാണ്’ മത്സര ശേഷം ഫിഞ്ച് പറഞ്ഞു.

 

Top