ഏതുസാഹചര്യവും നേരിടാനുള്ള യുദ്ധസമാനമായ മുന്നൊരുക്കങ്ങള്‍; ഇന്നത്തെ ചര്‍ച്ചയും പിരിഞ്ഞു

ന്യൂഡല്‍ഹി: ആറു മണിക്കൂറിലേറേ നീണ്ട മേജര്‍ ജനറല്‍തല ചര്‍ച്ചയിലും തീരുമാനമാകാതെ ഇന്ത്യ -ചൈന സംഘര്‍ഷം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബുധനാഴ്ച, രാത്രി വൈകി നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. വിട്ടുവീഴ്ചയ്ക്ക് ഇരുരാജ്യങ്ങളും തയാറായില്ല.

നിയന്ത്രണരേഖയോട് ചേര്‍ന്ന് ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സ്ഥലങ്ങളില്‍ യുദ്ധസമാനമായ തയാറെടുപ്പുകളാണ് നടക്കുന്നത്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് സൈന്യത്തിന് നിര്‍ദേശമുണ്ട്. കിഴക്കന്‍ ലഡാക്കിലെ മുന്‍നിര സൈനിക പോസ്റ്റുകളില്‍ 15,000ത്തിലധികംസൈനികരെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്.

ഇന്ത്യന്‍ സേന പിന്മാറില്ലെന്നും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു. പ്രകോപനപരമായ ആക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറി അനാവശ്യമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു അവരെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ പ്രദേശം സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ ചൈനയ്ക്ക് വലിയ നഷ്ടങ്ങളായിരിക്കും ഉണ്ടാകുകയെന്നും അവര്‍ വ്യക്തമാക്കുന്നു.

അതിര്‍ത്തിയോടു ചേര്‍ന്നുള്ള സേനാതാവളങ്ങളിലേക്കുള്ള ആയുധനീക്കവും വേഗത്തിലാക്കിയിട്ടുണ്ട്. വ്യോമതാവളങ്ങളിലേക്ക് (ഫോര്‍വേഡ് ബേസ്) യുദ്ധവിമാനങ്ങളും നീക്കി. ഒപ്പം, ഇന്തോ പസഫിക് സമുദ്രമേഖലയില്‍ ചൈനീസ് കടന്നുകയറ്റ നീക്കങ്ങള്‍ക്കു തടയിടാന്‍ നാവികസേനാ യുദ്ധക്കപ്പലുകള്‍ നിലയുറപ്പിക്കും.

Top