വാര്‍ഡ് വിഭജന ബില്ല് നിയമസഭ ഇന്ന് പരിഗണിക്കും, മറ്റ് രണ്ട് പ്രധാന ബില്ലുകളും സഭയില്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച ബില്ലുകള്‍ നിയമസഭ ഇന്ന് പരിഗണിക്കും. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള വാര്‍ഡ് വിഭജനം സംബന്ധിച്ച ബില്ലുകളാണ് ഇന്ന് പരിഗണിക്കുക. പ്രത്യേകമായാണ് ഈ വിഷയം നിയമസഭയുടെ പരിഗണനക്കു വരിക. തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ ഇന്നത്തെ ചര്‍ച്ചക്ക് ശഷം സബ്ജക്ട് കമ്മിറ്റിക്ക് വിടും.

വാര്‍ഡ് വിഭജന ബില്ലിന് പുറമെ ക്രിസ്ത്യന്‍ സഭകളിലെ ശവസംസ്‌കാര തര്‍ക്കം പരിഹരിക്കാനുള്ള ബില്ലും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് നിയമസഭയില്‍ വരും.

വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചതിനെ തുടര്‍ന്നാണ് കേരള രാഷ്ട്രീയം വിവാദത്തിലേക്ക് കൂപ്പുകുത്തിയത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ ബില്ലുകള്‍ നിയമസഭയിലേക്ക് കൊണ്ടുവരുന്നത്. പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനത്തിനായി പഞ്ചായത്തി രാജ് ഭേദഗതിയും മുന്‍സിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും വാര്‍ഡ് വിഭജനത്തിനായി മുന്‍സിപ്പാലിറ്റി ബില്ലുമാണ് സഭയില്‍ അവതരിപ്പിക്കുക.

കേരളാ ബജറ്റ് കഴിഞ്ഞാല്‍ ബില്ല് പാസാകുകയും ഇതോടെ വാര്‍ഡ് വിഭജനത്തില്‍ ഉള്ള നിയമപരമായ തടസവും സര്‍ക്കാരിന് മാറികിട്ടും. ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വക്കും.

Top