‘സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയും’ രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി,സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകി.അവശേഷിക്കുന്ന ഒരു വർഷം സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം.വിവാദത്തിൽ സച്ചിൻ പൈലറ്റ് മൗനം പാലിക്കുകയാണ്.അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് തീരുമാനം അട്ടിമറിച്ച ഗലോട്ട് പക്ഷത്തെ എംഎൽഎമാർക്കെതിരെ നടപടി വൈകുന്നതിലും സച്ചിൻ അനുകൂലികൾക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പദമടക്കം സംഘടന വിഷയങ്ങളിൽ ഉന്നയിച്ച പരാതികളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയുന്ന ഉടൻ പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നെങ്കിലും അനക്കമില്ല. ഇതോടെയാണ് ഗലോട്ടിനെതിരെ സച്ചിൻ പക്ഷം വീണ്ടും തിരിഞ്ഞത്.

പരസ്യ പ്രസ്താവനകൾ പാടില്ലെന്ന എഐസിസി നിർദ്ദേശം ഓർമ്മപ്പെടുത്തി പാർട്ടി അച്ചടക്കം ആരും ലംഘിക്കാൻ പാടില്ലെന്നാണ് സച്ചിനുള്ള ഗലോട്ടിൻറെ മറുപടി. രാജസ്ഥാനിലെ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന ഗലോട്ടിൻറെ ആവശ്യം രാഹുൽ ഗാന്ധി തള്ളിയിരുന്നു. പുതിയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും അകലം പാലിക്കുകയാണ്.

പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്ക് ചേരും. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിൻറെ ആലോചന. കോൺഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്. രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

Top