യുക്രെയിന് പിന്നാലെ വീണ്ടും യുദ്ധം ? ചൈനയും അമേരിക്കയും നേർക്കു നേർ

ലോകം വീണ്ടും  ഭീതിയിലൂടെയാണിപ്പോള്‍ കടന്നു പോകുന്നത്. തായ് വാനെ ചൊല്ലി അമേരിക്കയും ചൈനയും പരസ്പരം നടത്തുന്ന വെല്ലുവിളി, അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി നടത്താന്‍ പോകുന്ന സന്ദര്‍ശനത്തോടെ  പൊട്ടിത്തെറിച്ച്  ഒരു ലോകമഹായുദ്ധത്തില്‍ കലാശിക്കാനുള്ള എല്ലാ സാധ്യതയും  നിലവിലുണ്ട്. തായ് വാന്‍ മണ്ണില്‍ കാലുകുത്തിയാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ്  ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകത്തിന്റെ ചങ്കിടിപ്പിക്കുന്ന പ്രതികരണമാണിത്. എന്നാല്‍, ചൈനയുടെ ഭീഷണിക്ക് വഴങ്ങാതെ സന്ദര്‍ശനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നാന്‍സി പെലോസിയുടെ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അത്തരം ഘട്ടത്തില്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ട അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കറാണ് പെലോസി. അതു കൊണ്ടു കൂടിയാണ് അവരുടെ തായ് വാന്‍ സന്ദര്‍ശനത്തിന് ഇത്ര വലിയ രാഷ്ട്രിയ പ്രാധാന്യവും ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വം  തങ്ങളുടെ മുഖത്തു ചവിട്ടുന്നതിനു തുല്യമായിട്ടാണ്  ഈ സന്ദര്‍ശനത്തെ ചൈന നോക്കി കാണുന്നത്. അതു കൊണ്ട് തന്നെ, ഏത് തരത്തിലുള്ള പ്രത്യാക്രമണമാണ് ചൈന നടത്തുക എന്നതും ഭയക്കേണ്ട കാര്യം തന്നെയാണ്.

യുക്രെയിന്‍ യുദ്ധത്തോടെ  റഷ്യയും അമേരിക്കന്‍ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം ഏറെ വഷളായി കഴിഞ്ഞു. ഇതില്‍ ഫ്രാന്‍സിനോട് മാത്രമാണ്  റഷ്യന്‍ ഭരണകൂടം അല്പമെങ്കിലും അടുപ്പം സൂക്ഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ചൈന തിരിച്ചടിച്ചാല്‍ അമേരിക്കയെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയായാണ് മാറുക. റഷ്യയും ചൈനയും ഒരുമിച്ച് കടന്നാക്രമിച്ചാല്‍ നേരിടാനുള്ള ശേഷിയൊന്നും അമേരിക്കന്‍ സഖ്യത്തിനുണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാടും നിര്‍ണ്ണായകമാകും. ചൈനയുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടെങ്കിലും പ്രകേപനമില്ലാതെ, ചൈനക്കെതിരെ നീങ്ങാന്‍ ഇന്ത്യ തയ്യാറാവണമെന്നില്ല. മാത്രമല്ല  റഷ്യയും അമേരിക്കക്കെതിരെ തിരിഞ്ഞാല്‍ പിന്നെ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്കും ബുദ്ധിമുട്ടാകും.

ചുരുക്കത്തില്‍, അമേരിക്കന്‍ ജനപ്രതിനിധിസഭ സ്പീക്കറുടെ സന്ദര്‍ശനം  ‘എരിതീയില്‍ എണ്ണ’ ഒഴിക്കുന്നതിനു തുല്യമായാണ് മാറാന്‍ പോകുന്നത്. അക്കാര്യവും വ്യക്തമാണ്. ലോകത്ത് സമാധാനമാണ് വേണ്ടത് അതല്ലാതെ സംഘര്‍ഷമല്ല സംഘര്‍ഷം കൊണ്ട് നഷ്ടത്തേക്കാള്‍ ഏറെ ഒരു നേട്ടവും ലോകത്ത് ഉണ്ടാകുകയില്ല. ആ ഉത്തരവാദിത്വ ബോധം ചൈനയ്ക്കു മാത്രമല്ല അമേരിക്കക്കും ഉണ്ടാവേണ്ടതുണ്ട്. യുക്രെയിനെ പ്രലോഭിപ്പിച്ച് യുദ്ധത്തിലേക്ക് തള്ളിവിട്ടത് തന്നെ അമേരിക്കയാണ്. റഷ്യ ഒന്നു തുറിച്ച് നോക്കിയപ്പോള്‍ പേടിച്ച് ഏറ്റുമുട്ടലിനില്ലന്ന് പറഞ്ഞ് ആദ്യം ഓടിയൊളിച്ചതും  ഈ രാജ്യം തന്നെയാണ്. അമേരിക്ക കുറച്ച് പണവും ആയുധവും നല്‍കിയാല്‍  ജയിച്ചു കളയാം എന്ന മോഹത്തിലല്ല സൈനികമായി അവര്‍ ഇടപെടുമെന്ന ഒറ്റ ഉറപ്പിലാണ് യുക്രെയിന്‍ റഷ്യയെ പ്രകോപിപ്പിച്ചിരുന്നത്. ഒടുവില്‍  മുഴുവന്‍ നാശനഷ്ടവും ഉണ്ടായിരിക്കുന്നതും യുക്രെയിനിലാണ്. അതിര്‍ത്തി രാജ്യമായ റഷ്യയെ ഒന്നു തൊടാന്‍ പോലും യുക്രെയിന് സാധിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍  ആ നിമിഷം അമേരിക്കയിലാണ് ബോംബ് വര്‍ഷം നടക്കുക.

ലോകത്തെ ഒരു സംവിധാനത്തിനും തടുക്കാന്‍ പറ്റാത്ത ആണവ മിസൈല്‍ ‘സാത്താന്‍’ ആണ് അമേരിക്കക്ക് എതിരെ റഷ്യ തിരിച്ചു വച്ചിരിക്കുന്നത്. കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് പ്രഹരിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ അമേരിക്കയുടെ മാത്രമല്ല അവരുടെ സഖ്യകക്ഷികളുടെയും പേടി സ്വപ്നമാണ്. പരാജയം തിരിച്ചറിഞ്ഞു തന്നെയാണ് അമേരിക്ക റഷ്യയോട് മുട്ടാതിരിക്കുന്നത്. യുക്രെയിനെ ശരിക്കും അവര്‍ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തത്. നാളെ തായ് വാനോടും അവര്‍ ചെയ്യാന്‍ പോകുന്നതും അതു തന്നെ ആയിരിക്കും. ചൈനയെ കൂടി പ്രകോപിപ്പിച്ച് യുദ്ധ സാഹചര്യമുണ്ടാക്കി പിന്‍വലിയാന്‍ തന്നെയാകും  അമേരിക്ക ശ്രമിക്കുക എന്നാണ് നയതന്ത്ര വിദഗ്ദരും വിലയിരുത്തുന്നത്. എന്നാല്‍, ഈ ‘കളി’ കൈവിട്ട് യുദ്ധത്തില്‍ എത്തിയാല്‍ റഷ്യയും അമേരിക്കക്കെതിരെ നീങ്ങാനുള്ള സാധ്യതയും ഏറെയാണ്.

ഇരുപത്തിമൂന്നു ദശലക്ഷം പൗരന്മാരുള്ള ദ്വീപരാഷ്ട്രമാണ് തായ് വാന്‍ അതി മനോഹരമായ പ്രദേശമാണിത്. ഈ ദ്വീപ് രാഷ്ട്രം ചൈനയെ സംബന്ധിച്ച് ഏറെ അനിവാര്യമായ ഒന്നാണ്.
”മാതൃരാജ്യത്തിന്റെ കൂടിച്ചേരലിനായുള്ള ചരിത്രപരമായ ദൗത്യം നിറവേറപ്പെടണം’ എന്നതാണ് ചൈനയുടെ വാദം. ചൈനീസ് പ്രസിഡണ്ട് ഈ വാദമുയര്‍ത്തി നടത്തിയ പ്രസംഗം കഴിഞ്ഞ് അധികം താമസിയാതെയാണ് തായ് വാന്‍ അതിര്‍ത്തികളില്‍ ചൈനയുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലന്നതാണ് അന്നും ഇന്നും തായ് വാന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അമേരിക്ക പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണത്.
ചൈനയുടെ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമായി ഒരു പാതയുണ്ടാക്കാനാണ് തായ് വാന്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍, ഏഷ്യയിലെ അമേരിക്ക-ചൈന മത്സരവും ചൈനയുടെ മെച്ചപ്പെട്ട സൈനിക ശേഷിയും ഉപയോഗപ്പെടുത്തി തായ് വാനുമായുള്ള പ്രശ്‌നത്തെ ബലപ്രയോഗത്തിലൂടെ പരിഹരിക്കാനാണ് ചൈനീസ് ഭരണകൂടം ഉദ്ദേശിക്കുന്നത്. തായ് വാനുമായുള്ള ചൈനയുടെ പ്രശ്നം തുടങ്ങുന്നത് 1949-ലാണ്. അന്നാണ് മാവോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ അധികാരം പിടിച്ചിരുന്നത്. തുടര്‍ന്ന്, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും സ്ഥാപിതമായി. കമ്യൂണിസ്റ്റുകാര്‍ അധികാരം പിടിച്ചതോടെ അതുവരെ ചൈന ഭരിച്ചിരുന്ന ജനറല്‍ ച്യാങ് കെയ്ഷെക്ക് തന്റെ അനുയായികളുമായി തായ് വാനിലേക്കാണ് രക്ഷപ്പെട്ടിരുന്നത്.തുടര്‍ന്ന് അദ്ദേഹം തായ് വാനില്‍ ‘റിപ്പബ്ളിക് ഓഫ് ചൈന’ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതും ചരിത്രമാണ്.

യഥാര്‍ഥ ചൈന ഇതാണെന്നാണ് കെയ്ഷെയും ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാരും അവകാശപ്പെടുന്നത്. ചൈനയെ ഏറെ പ്രകോപിപ്പിച്ച അവകാശവാദവും ഇതു തന്നെയാണ്.
അമേരിക്ക ഉള്‍പ്പെടെയുള്ള അനവധി രാജ്യങ്ങള്‍ ആദ്യം ജനറല്‍ കെയ്ഷെക്ക് ഭരിക്കുന്ന തായ് വാനെയാണ് ചൈനയായി അംഗീകരിച്ചിരുന്നത്. ഐക്യരാഷ്ട്ര സംഘടനയില്‍ വന്‍ശക്തികളിലൊന്നായി അതോടെ അവര്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. അര്‍ഹതയില്ലാത്ത അംഗീകാരമായിരുന്നു അത്. പിന്നീടാണ് അമേരിക്ക ഉള്‍പ്പെടെ നിലപാടു മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്. പിന്നാലെ യുഎന്നിലെ വന്‍ശക്തി സ്ഥാനവും തായ് വാന് നഷ്ടപ്പെടുകയുണ്ടായി. കമ്യൂണിസ്റ്റ് ചൈനയെ ലോകം അംഗീകരിച്ചതും അതോടെയാണ്.

തങ്ങള്‍ സ്വതന്ത്ര രാഷ്ട്രമാണെന്ന് അവകാശപ്പെടുന്ന തായ് വാന്‍ ഇത്രവര്‍ഷം പിന്നിട്ടിട്ടും  ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ തായ്വാന്‍ ഭരിക്കുന്ന സായ് ഇങ് വെന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതാണ് ചൈനയെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുന്നത്. തായ്വാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ചൈന തുറന്നടിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ലങ്കിലും തായ് വാന് സ്വന്തം ഭരണഘടനയും, ഭരണകൂടവും, മൂന്നു ലക്ഷം പേരുടെ സൈന്യവും ഉണ്ട്. തങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രമാണെന്നതാണ് അവരുടെ വാദം. അതേസമയം,  ഹോങ്കോങ്ങിലേതു പോലെ, ‘ഒരു രാജ്യം, രണ്ടു സംവിധാനം’ എന്ന രീതി തായ്വാനിലും കൊണ്ടുവരാനാണ് ചൈന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതാണ്  ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷിയും ആവര്‍ത്തിച്ചിരിക്കുന്നത്.

‘തായ് വാന്‍ ചൈനയുടെ ഭാഗമാണ്. അതിന് സ്വാതന്ത്ര്യം നല്‍കില്ല. യുദ്ധം ചെയ്തിട്ടായാലും  തായ് വാനെ ചൈനയുടെ ഭാഗമാക്കും’ എന്നതാണ് ചൈനീസ് ഭരണകൂടത്തിന്റെ നിലപാട്. തായ് വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപരമായ ലക്ഷ്യമെന്നും ഷി ചിന്‍ പിങ് വ്യക്തമാക്കി കഴിഞ്ഞു. ഇതൊന്നും തന്നെ
വെറുതെ പറയുകയായിരുന്നില്ല അദ്ദേഹം. ഇതോടൊപ്പം, ആണവ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്നവ ഉള്‍പ്പെടെയുള്ള ചൈനീസ് പോര്‍ വിമാനങ്ങളെ തായ് വാന്റെ വ്യോമാതിര്‍ത്തിയിലേക്ക് പലവട്ടമാണ് അയച്ചിരിക്കുന്നത്. തായ് വാനുള്ള  വ്യക്തവും ശക്തവുമായ മുന്നറിയിപ്പായിരുന്നു ഇത്. കലങ്ങി മറിഞ്ഞ ആ മണ്ണിലേക്കാണിപ്പോള്‍  ഒരു അമേരിക്കന്‍ സംഘം കാലു കുത്താന്‍ പോകുന്നത്. ചൈനയോട് ഏറ്റുമുട്ടാന്‍ ഒരുക്കമാണെന്ന സൂചന നല്‍കുന്ന സന്ദര്‍ശനം തന്നെയാണിത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ തയ് വാനിലേക്കുള്ള ആദ്യത്തെ തന്ത്രപ്രധാന സന്ദര്‍ശനമായും അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറുടെ ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നുണ്ട്.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ലോകത്തെ സംബന്ധിച്ച്, ചങ്കിടിപ്പോടെ മാത്രമേ, ഇത്തരമൊരു സന്ദര്‍ശനത്തെ നോക്കി കാണാന്‍ കഴിയുകയൊള്ളൂ. പെലോസിയുടെ യാത്രയുടെ ഉദ്ദേശം അതു എന്തു തന്നെയായാലും നല്ലതിനാവാന്‍ സാധ്യതയില്ല.

ചൈന അവരുടെ സ്വന്തമെന്ന് അവകാശപ്പെടുന്ന രാജ്യത്ത് ചെന്നിറങ്ങുന്നത് തന്നെ സാഹസികമാണ്.ചൈന പിടിച്ചടക്കാന്‍ ശ്രമിക്കുന്ന മണ്ണിലേക്കാണ് ചങ്കൂറ്റത്തോടെ പെലോസി കാല്‍കുത്തുവാന്‍ പോകുന്നത്. അതുകൊണ്ടാണ് പെലോസി വന്നാല്‍, ‘ഗുരുതര പ്രത്യാഘാതം’ നേരിടേണ്ടി വരുമെന്ന്, ചൈനക്കും മുന്നറിയിപ്പ് നല്‍കേണ്ടി വന്നിരിക്കുന്നത്. എന്താണ് ഈ ‘ഗുരുതര’ പ്രത്യാഘാതം എന്നത് സംബന്ധിച്ചും  ഇപ്പോള്‍ ചര്‍ച്ച സജീവമാണ്. യുദ്ധമാണോ ചൈനയും ലക്ഷ്യമിടുന്നത് എന്ന ചോദ്യമാണ്  വ്യാപകമായി ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയും ചൈനയും കര്‍ക്കശ നിലപാടുകള്‍ തുടര്‍ന്നാല്‍, തയ്വാന്‍ കടലിടുക്കിലെ ”പിരിമുറുക്കമാണ്” വര്‍ദ്ധിക്കുക. അത് പൊട്ടിത്തെറിച്ചാല്‍ പ്രത്യാഘാതം ലോകമാകെയാണ് അനുഭവിക്കേണ്ടി വരിക.

ചൈനയെ ചെറുക്കാന്‍ ഒരിക്കലും തായ്വാന് കഴിയുകയില്ല. അതിനുള്ള സൈനിക ശക്തിയോ ആയുധ ബലമോ തായ് വാന് ഇന്നില്ല. സാമ്പത്തികമായും ഏറെ പിന്നിലാണ് തായ്വാന്റെ സ്ഥാനം. 11,000 കിലോമീറ്റര്‍ അകലെ കിടക്കുന്ന അമേരിക്കയുടെ സഹായമാണ് അവര്‍ക്കാകയുള്ള പ്രതീക്ഷ. എന്നാല്‍, അമേരിക്ക ഇക്കാര്യത്തില്‍ എത്രമാത്രം ഒപ്പം നില്‍ക്കും എന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്. യുക്രെയിന്‍ നല്‍കുന്ന പാഠവും അതാണ്. ചൈനയോട് ഏറ്റുമുട്ടിയാല്‍ അമേരിക്കക്ക് നഷ്ടപ്പെടാന്‍ പലതും ഉണ്ട്. ഒരുപക്ഷേ ആ രാജ്യം തന്നെ ചാരമായിപ്പോയെന്നും വരാം. പ്രത്യേകിച്ച് റഷ്യ എന്ന വന്‍ ശക്തി അമേരിക്കക്കെതിരെ തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍  ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

‘തായ് വാനെ സംരക്ഷിക്കാന്‍ അമേരിക്ക തയാറാകുമോ ” എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് പെലോസിയുടെ സന്ദര്‍ശനത്തെ ചൈനീസ് ഭരണകൂടവും നോക്കി കാണുന്നത്. അമേരിക്ക തായ് വാന്  ആയുധങ്ങള്‍ വിതരണം ചെയ്യുന്നതടക്കമുള്ള സഹായങ്ങള്‍ പതിറ്റാണ്ടുകളായി ചെയ്തുകൊടുക്കാറുണ്ട്. അമേരിക്കയും തായ് വാനും തമ്മില്‍ ഇതിനായി പ്രത്യേക കരാര്‍ തന്നെ നിലവിലുണ്ട്. എന്നാല്‍, അതിനും അപ്പുറം ഒരു ഇടപെടലിനാണ് അമേരിക്ക ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന നീക്കമാണിത്. അമേരിക്കന്‍ ഉന്നതര്‍ക്ക് ഒരു ‘തീപ്പൊരി ‘ ഇട്ട് തിരിച്ചു പോരാന്‍, ഒരുപക്ഷേ സാധിച്ചേക്കും .പക്ഷേ അപ്പോള്‍ അവിടെ നിന്നു കത്തുക തായ് വാന്‍ ആയിരിക്കും. യുക്രെയിന്‍ നിലപാടിനപ്പുറം ഒരു നിലപാട് അമേരിക്ക സ്വീകരിച്ചില്‍, അതും സംഘര്‍ഷം വ്യാപിക്കാന്‍ കാരണമാകും. അതോടെ, ലോക മഹായുദ്ധത്തിലേക്കാണ്  കാര്യങ്ങള്‍ ചെന്നെത്തുക. അതു വേണോ എന്ന് ആഴത്തില്‍ ചിന്തിക്കേണ്ടത്, ആദ്യം അമേരിക്കയാണ്. ചൈനയും സംയമനം പാലിക്കാന്‍ തയ്യാറാകണം. സാമാധാന ശ്രമങ്ങളാണ് ലോക സമാധനത്തിന് ആവശ്യം. അതാണ് ഉത്തരവാദപ്പെട്ട രാജ്യങ്ങള്‍ തിരിച്ചറിയേണ്ടത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും, അതുതന്നെയാണ്.


EXPRESS KERALA VIEW

Top