വഖഫ് വിഷയം; ലീഗ് നടത്തുന്ന സമരം ആത്മാര്‍തഥയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വഖഫ് വിഷയത്തില്‍ ലീഗ് നടത്തുന്ന സമരം ആത്മാര്‍ത്ഥ ഇല്ലാത്തതാണെന്നും അണികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന ബില്ലിനെ ലീഗ് എതിര്‍ത്തില്ലെന്നും ശബ്ദ വോട്ടെടുപ്പോടെ ഇതിനെ ലീഗ് അംഗീകരിച്ചു, വോട്ടിംഗ് വേണമെന്ന് പോലും ലീഗ് ആവശ്യപ്പെട്ടില്ലെന്നും സഭയില്‍ ഒരു പ്രതിഷേധത്തിന് പോലും അവര്‍ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ നിലപാടാണ് ഇപ്പോള്‍ ലീഗിനെ നയിക്കുന്നതെന്ന എന്ന ആരോപണവും അദ്ദേഹം നടത്തി.

‘മതമാണ് തങ്ങളെ നയിക്കുന്നത് എന്ന് ലീഗ് പ്രഖ്യാപിക്കുകയാണ്’ രാഷ്ട്രീയ മുതലെടുപ്പാണ് ലീഗിന്റെ ലക്ഷ്യം, അധികാരം ഇല്ലാത്തതാണ് ലീഗിന്റെ പ്രശ്‌നം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പ്രസംഗം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ നാടിനെ സാമുദായിക കലാപത്തിലേക്ക് കൊണ്ടുപോകാനാണ് ലീഗ് ശ്രമിക്കുന്നത്, പള്ളികള്‍ സംഘര്‍ഷ ഭൂമിയാക്കുന്നതിനെ സുന്നി സംഘടനകള്‍ എതിര്‍ത്തു, ഇതോടെ ലീഗ് ഒറ്റപ്പെട്ടു’ കോടിയേരി കൂട്ടിച്ചേര്‍ത്തു. സമസ്തയെ പാഠം പഠിപ്പിക്കാനാണ് ഇന്നലെ കോഴിക്കോട്ട് ലീഗ് റാലി സംഘടിപ്പിച്ചത്, ലീഗിനെ തിരുത്താന്‍ കോണ്ഗ്രസ് എന്ത് കൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

സുധീരനോ മുല്ലപ്പള്ളിയോയായിരുന്നു കെപിസി സി പ്രസിഡന്റ് എങ്കില്‍ ഇതിനെ പരസ്യമായി തള്ളി പറഞ്ഞേനെ എന്നും അദ്ദേഹം പറഞ്ഞു. ലീഗ് വളരുന്ന രാഷ്ട്രീയ പ്രസ്ഥാനം അല്ല. തകരുന്ന രാഷ്ട്രീയ പ്രസ്ഥാനം ആണെന്നും അദ്ദേഹം പരിഹസിച്ചു. ലീഗുമായി രാഷ്ട്രീയ ബന്ധം ഉണ്ടാക്കാന്‍ സിപിഎം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top