വഖഫ്‌; പിഎസ്‌സി നിയമനം ഉടനില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത

തിരുവനന്തപുരം : വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിട്ട തീരുമാനം ഇപ്പോൾ നടപ്പിലാക്കില്ലെന്നു സർക്കാർ ഉറപ്പു നൽകിയതായി സമസ്ത നേതാക്കൾ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. എല്ലാവരുമായും ചർച്ച ചെയ്തശേഷം മാത്രമേ തീരുമാനം നടപ്പിലാക്കൂ എന്നും ഇപ്പോൾ‌ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി നേതാക്കൾ പറഞ്ഞു.

വഖഫിന്റെ നിയന്ത്രണം മുസ്‌ലിം സംഘടനകൾക്കുണ്ടാകണമെന്നും ഇപ്പോൾ‌ എടുത്ത തീരുമാനം മാറ്റണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ചർച്ച ചെയ്തശേഷം അറിയിക്കാമെന്നും പ്രയാസപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ആശങ്കയില്ലാതെ വിഷയം പരിഹരിക്കും. ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്നും വ്യക്തമാക്കി. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

പിഎസ്‌സിക്കു വിട്ട തീരുമാനം നടപ്പിലാക്കില്ലെന്നും മരവിപ്പിക്കുമെന്നുമാണു മുഖ്യമന്ത്രിയുടെ സംസാരത്തിൽനിന്നു മനസ്സിലായതെന്നു നേതാക്കൾ പറഞ്ഞു. ആശങ്ക മാറണമെങ്കിൽ തീരുമാനം റദ്ദു ചെയ്യണമെന്നു സമസ്തയുടെ നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തിൻമേൽ സ്വീകരിക്കണ്ട ഭാവിപരിപാടികൾ സമസ്തയുടെ ഉന്നത നേതാക്കൾ തീരുമാനിക്കും.

Top