വഖഫ് നിയമനം; മുഖ്യമന്ത്രിക്ക് ബോധോദയം ഉണ്ടായതില്‍ സന്തോഷം; വി ഡി സതീശന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം ഉടന്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

വിഷയത്തില്‍ സര്‍ക്കാരിനുണ്ടായ ബോധോദയത്തില്‍ ഏറെ സന്തോഷമുണ്ട്. നിയമസഭയില്‍ തന്നെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. വിഷയത്തിന് മേല്‍ ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

മത വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവര്‍തന്നെ കൈകാര്യം ചെയ്യണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സി ക്ക് വിടാനുള്ള തീരുമാനത്തില്‍ ദുരൂഹത ഉണ്ടെന്നും വി ഡി സതീശന്‍ നേരത്തെ ആരോപിച്ചിരുന്നു.

സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് വഖഫ് ബോര്‍ഡിലെ നിയമനം പി എസ് സി ക്ക് വിട്ട നടപടി ഉടന്‍ നടപ്പിലാക്കില്ലെന്ന പുതിയ തീരുമാനം. സമസ്ത സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തിയത്. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നായിരുന്നു സമസ്ത നേതാക്കളുടെ ആവശ്യം.

Top