കൊറോണയോട് ദേഷ്യപ്പെട്ട് ട്രംപ്! രാജ്യത്തെ ബിസിനസ്സുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ പുനരാരംഭിക്കും

അമേരിക്കയില്‍ കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിനിടയില്‍ വൈരുദ്ധ്യമുള്ള പ്രസ്താവനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ ബിസിനസ്സുകള്‍ മാസങ്ങള്‍ക്കുള്ളിലല്ല, ആഴ്ചകള്‍ക്കുള്ളില്‍ പുനരാരംഭിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അടച്ചുപൂട്ടല്‍ മൂലം മഹാമാരി സൃഷ്ടിക്കുന്നതിലും കൂടുതല്‍ മരണങ്ങളാണ് നടക്കുന്നതെന്നും തെളിവുകളില്ലാതെ പ്രസിഡന്റ് പ്രസ്താവിച്ചു.

പരിഹാരം ഒരിക്കലും പ്രശ്‌നത്തേക്കാള്‍ മോശമാകരുത്. രാജ്യത്തെ വീണ്ടും തുറക്കേണ്ടത് ആവശ്യമാണ്, അല്ലെങ്കില്‍ നിലവിലെ പ്രശ്‌നങ്ങളേക്കാള്‍ വലിയ പ്രശ്‌നങ്ങളാകും തുടങ്ങുക, ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇതിന് വിരുദ്ധമായ മുന്നറിയിപ്പുകളാണ് ആരോഗ്യ വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ ജോലിയില്‍ നിന്നും വിട്ടുനിന്ന് വീട്ടില്‍ തുടരുകയും, സ്വയം ഐസൊലേഷന്‍ ചെയ്യാനും തയ്യാറായില്ലെങ്കില്‍ ഇന്‍ഫെക്ഷനുകളുടെ എണ്ണമേറുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്യുമെന്ന് ഇവര്‍ വ്യക്തമാക്കി.

ഇറ്റലിയുടെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധ വേണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് പോലുള്ള ചില മേഖലകള്‍ കേന്ദ്രീകരിച്ചാണ് പകര്‍ച്ചവ്യാധി ഏറ്റവും ഭയാനകമായി മാറുന്നത്. വൈറസ് കൂടുതല്‍ പേരിലേക്ക് പടരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ വൈറസ് മൂലം ലക്ഷക്കണക്കിന് പേര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പുറമെ ബിസിനസ്സുകള്‍ അടയ്ക്കുന്നതും, വിപണി തകരുന്നതും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയാണ്.

രണ്ടാം വട്ടം പ്രസിഡന്റായി മാറാനുള്ള വഴിയില്‍ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ ട്രംപ് രോഷാകുലനാണെന്ന് തെളിയിക്കുന്നതാണ് ഈ വാക്കുകള്‍.

Top