രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ല; ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. പുതിയ പ്രോജക്റ്റുകളുമായി തിരക്കുകളിലാണ് ശ്രുതിയിപ്പോള്‍. അടുത്തിടെ നടന്ന പരിപാടിക്ക് തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടി വളരെ ശ്രദ്ധേയമാവുകയാണ്. ‘പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഈ മേഖലയില്‍ത്തന്നെയാണ് തന്റെ താത്പര്യം. നല്ല സിനിമകളുടെ ഭാഗമായി കരിയര്‍ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.

സിനിമയില്‍ സജീവമായി നില്‍ക്കേ രാഷ്ട്രീയത്തില്‍ പ്രവേശിച്ച നിരവധി താരങ്ങളുണ്ട്. ശ്രുതിയുടെ പിതാവുകൂടിയായ കമല്‍ഹാസന്‍ ഒരേസമയം സിനിമയിലും അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. വരുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പിതാവിനൊപ്പം മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണ പരിപാടികളില്‍ ശ്രുതി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെല്ലാമായുള്ള മറുപടിയാണ് ശ്രുതി കൂട്ടിച്ചേര്‍ത്തത്.

ചിരഞ്ജീവി നായകനായ വാള്‍ട്ടയര്‍ വീരയ്യ, ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി എന്നിവയാണ് ശ്രുതി ഹാസന്‍ നായികയായെത്തി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. പ്രഭാസ് നായകനാവുന്ന സലാറില്‍ ശ്രുതിയാണ് നായിക.

Top