ഒരു കമ്പനിയും അടച്ചുപൂട്ടില്ല, എല്ലാവരും അഭിവൃദ്ധിപ്പെടും: നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ടെലികോം കമ്പനികളുടെ പ്രശ്‌നങ്ങള്‍ സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ടായിട്ടില്ലെന്നും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു കമ്പനിയും അടച്ചുപൂട്ടണമെന്നല്ല എല്ലാവരും അഭിവൃദ്ധിപ്പെടണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ടെലികോം രംഗത്തെ പ്രതിസന്ധി സംബന്ധിച്ചായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രതികരണം. മുന്‍നിര ടെലികോം കമ്പനികളില്‍ ജിയോ ഒഴികെയുള്ള എല്ലാ ടെലികോം കമ്പനികളും സെപ്റ്റംബര്‍ പാദത്തില്‍ വന്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്.

നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലെ പോരായ്മകള്‍, നയരൂപവത്കരണത്തിലെ പാളിച്ചകള്‍, കോര്‍പറേറ്റ് ലോബിക്ക് അനുകൂലമായി നടപ്പാക്കിയ തീരുമാനങ്ങള്‍, നീതിരഹിതമായ മത്സരരീതികള്‍ എന്നിവയാണ് ഇന്ത്യന്‍ ടെലികോം മേഖലയെ പ്രതിസന്ധിയിലാക്കിയത്.

കോളുകള്‍ സൗജന്യമാക്കി റിലയന്‍സ് ജിയോ രംഗപ്രവേശം ചെയ്തതോടെ അന്നുണ്ടായിരുന്ന എയര്‍ടെല്ലും ഐഡിയയും വോഡഫോണും നിരക്കുകുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഇതിനൊപ്പം സ്‌പെക്ട്രം ലൈസന്‍സിനായി എടുത്ത വായ്പകളും സര്‍ക്കാരിലേക്കു നല്‍കേണ്ട ഫീസുകളും കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലായി. വോഡഫോണും ഐഡിയയും പരസ്പരം ലയിച്ചെങ്കിലും പ്രതിസന്ധിക്ക് അയവുണ്ടായില്ല. ക്രമീകരിച്ച മൊത്തവരുമാന വിഷയത്തില്‍(എ.ജി.ആര്‍.) ഒക്ടോബര്‍ 24-ന് സുപ്രീം കോടതി വിധി വന്നതോടെ പ്രതിസന്ധി രൂക്ഷമായി. മൂന്നുമാസത്തിനകം എ.ജി.ആര്‍. കുടിശ്ശികയും പിഴയും പലിശയും സഹിതം നല്‍കാനാണ് ഉത്തരവ്.

സെപ്റ്റംബര്‍ 30-ന് അവസാനിച്ച പാദത്തില്‍ വോഡഫോണ്‍ ഐഡിയ 50,922 കോടിരൂപയുടെയും എയര്‍ടെല്‍ 23,045 കോടി രൂപയുടെയും നഷ്ടമാണ് രേഖപ്പെടുത്തിയത്. സര്‍ക്കാരില്‍നിന്ന് പാക്കേജുകള്‍ ഉണ്ടായില്ലെങ്കില്‍ നിലനില്‍പ്പുതന്നെ ഭീഷണിയിലാണെന്ന് ഇരുകമ്പനികളും സൂചിപ്പിച്ചുകഴിഞ്ഞു.

ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍. പ്രതീക്ഷിച്ചരീതിയില്‍ വരുമാനം ലഭിക്കാതെ വന്നതോടെ ഇന്ത്യയില്‍നിന്ന് പിന്മാറാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വോഡഫോണ്‍ ഐഡിയയില്‍ 45 ശതമാനം ഓഹരികളാണ് വോഡഫോണിനുള്ളത്. നിക്ഷേപ സൗഹൃദരാജ്യമാണ് ഇന്ത്യയെന്ന് ആവര്‍ത്തിക്കുമ്പോഴും വോഡഫോണ്‍കൂടി ഇന്ത്യ വിട്ടാല്‍ ഇന്ത്യയുടെ വിദേശനിക്ഷേപസ്വപ്നങ്ങള്‍ക്ക് കനത്ത ആഘാതമായി അതുമാറിയേക്കാം.

Top