ഡിസ്നിയിലും പിരിച്ചുവിടൽ; 7000 പേർക്ക് ജോലി നഷ്ടമാകും

മസോൺ, ട്വിറ്റർ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ പാത പിന്തുടർന്ന് കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഡിസ്നിയും. 7000 ജീവനക്കാരെ പിരിച്ചുവിടാനാണ് വാൾട്ട് ഡിസ്നി കമ്പനിയുടെ തീരുമാനം. ചെലവ് ചുരുക്കാനും ബിസിനസ്സിൽ വർധനയുണ്ടാക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ചീഫ് എക്സിക്യൂട്ടീവ് ബോബ് ഇഗർ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. നിലവിൽ ഏകദേശം 1,90,000 ജീവനക്കാരാണ് ഡിസ്നിയിലുള്ളത്.

45,000 കോടി രൂപ ചെലവ് ചുരുക്കാനും ബിസിനസ്സ് ലാഭകരമാക്കുന്നതിന്റെയും ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. നാല് ഘട്ടങ്ങളിലായി പിരിച്ചുവിടൽ നടത്താനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ പുറത്താക്കുന്നവരുടെ ലിസ്റ്റ് അടുത്ത നാല് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇഗർ പറയുന്നു. രണ്ടാം ഘട്ട ആളുകളുടെ ലിസ്റ്റ് ഏപ്രിലിൽ പുറത്തുവരും. ഈ ഘട്ടത്തിൽ ആയിരത്തോളം ആളുകൾക്കാകും ജോലി നഷ്ടമാകുക. തൊട്ടുപിന്നാലെ മൂന്നാം ഘട്ട പിരിച്ചിവിടലുമുണ്ടാകും.

Top