വാള്‍മാര്‍ട്ട് ബോണ്ട് വില്‍പനയിലൂടെ 16 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ വ്യാപാര ഭീമനായ വാള്‍മാര്‍ട്ട് ബോണ്ട് വില്‍പനയിലൂടെ 16 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായി വളരുന്നതിനു വേണ്ട നിക്ഷേപം ലക്ഷ്യമിട്ടാണ് വാള്‍മാര്‍ട്ട് ബോണ്ട് വില്‍പനയ്ക്ക് തയാറായിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി സ്വന്തമാക്കുമന്ന് വാള്‍മാര്‍ട്ട് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതിവേഗം വളരുന്ന ഇന്ത്യയിലെ ഇ കോമേഴ്‌സ് വ്യാപാര മേഖലയില്‍ ആമസോണിനെ കടത്തിവെട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട് തയാറായിരിക്കുന്നത്.

അമേരിക്കയിലെ കോര്‍പറേറ്റ് മേഖലയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ വലിയ ബോണ്ട് വില്‍പനയാണിത്. ഏറ്റിന കമ്പനി ഏറ്റെടുക്കുവാന്‍ സി.വി.എസ് ഹെല്‍ത്ത് കോര്‍പറേഷന്‍ മാര്‍ച്ചില്‍ 40 ബില്യണ്‍ ഡോളറിന്റെ ബോണ്ട് വില്‍പന നടത്തിയതാണ് പ്രഥമ സ്ഥാനത്തുള്ളത്.

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കുന്ന തീരുമാനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് ബ്രിട്ടനിലെ അസ്ദ കമ്പനി നിയന്ത്രിക്കുന്നതിനു തക്ക വിധത്തിലുള്ള തങ്ങളുടെ ഓഹരികള്‍ എതിരാളികളായ മറ്റൊരു കമ്പനിക്ക് 10 ബില്യണ്‍ ഡോളറിനു വില്‍ക്കുകയാണെന്ന് വാള്‍മാര്‍ട്ട് അറിയിച്ചിരുന്നു. അതിവേഗം വളരുന്ന മാര്‍ക്കറ്റുകളായ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിക്ഷേപം നടത്താനുള്ള വാള്‍മാര്‍ട്ട് സി.ഇ.ഒ ഡഗ് മക് മിലന്റെ ബിസനസ് തന്ത്രമാണിതെന്ന് പറയപ്പെടുന്നു. എന്നാല്‍, ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കാനുള്ള തീരുമാനം വാള്‍മാര്‍ട്ടിന്റെ ക്രെഡിറ്റ് റേറ്റിംഗിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Top