വാളയാര്‍ കേസ് ; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറയിച്ചിരിക്കുന്നത്.

മരിച്ച ആദ്യത്തെ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെങ്കിലും ആ തരത്തിലുള്ള അന്വേഷണം ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചുവെന്നും കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

കേസിൽ പുനർ വിചാരണ ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിനിടെ കേസില്‍ വീഴ്ച വരുത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനെ മാറ്റി അഡ്വ. പി. സുബ്രഹ്മണ്യത്തെ പാലക്കാട്ടെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. പുതിയ വിജ്ഞാപനം ഇറക്കാതെയാണ് പാനലില്‍ ഉള്ള സുബ്രഹ്മണ്യനെ അടിയന്തരമായി നിയമിച്ച് ഉത്തരവ് ഇറക്കിയത്.

വാളയാര്‍ കേസില്‍ പ്രതികള്‍ മുഴുവന്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത് പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടായിരുന്നെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ലതാ ജയരാജിനെ മാറ്റി സുബ്രഹ്മണ്യനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്.

Top