വാളയാര്‍ കേസ്: സര്‍ക്കാര്‍ ശ്രമിക്കുന്നത് പ്രതികളെ രക്ഷിക്കാനെന്ന് കുമ്മനം

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേസില്‍ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

ഇന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ തിരുവന്തപുരത്ത് എത്തിയത് സര്‍ക്കാരിന്റെ ഒത്തുകളിയാണെന്നും കുമ്മന്നം ആരോപിച്ചു. മാതാപിതാക്കളെ തെളിവെടുപ്പില്‍ നിന്ന് വിട്ടുനിര്‍ത്താനായിട്ടായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി സന്ദര്‍ശനം എന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം.

വാളയാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന സിപിഐയുടെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് കുമ്മനം ചോദിച്ചു. സംഭവത്തില്‍ ഏറെ ദുരൂഹത ഉണ്ട്. നടന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളോട് തുറന്ന് പറയണം. ഇതേക്കുറിച്ചു അന്വേഷണം നടത്തണമെന്നും കുമ്മനം പറഞ്ഞു.

Top