മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തിന്

പാലക്കാട്: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്. ഇന്ന് അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ ഏകദിന നിരാഹാരമിരിക്കാനാണ് ഇവരുടെ തീരുമാനം.

അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പ്രതിഷേധ സമരമാരംഭിക്കുകയാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്‍, ചോക്കോ എന്നിവര്‍ക്കെരെ നടപടിയെടുക്കും വരെ സമരരംഗത്തുണ്ടാവുമെന്ന് അവര്‍ പറയുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പെണ്‍കുട്ടികളുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നു. കേസ് സിബിഐക്ക് വിട്ടിരുന്നെങ്കിലും, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ല.

Top