വാളയാര്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യ; പൊലീസ് നിഗമനത്തെ ചോദ്യം ചെയ്ത് ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്ന പൊലീസിന്റെ നിഗമനത്തെ ചോദ്യം ചെയ്ത് ഡോക്ടറുടെ കുറിപ്പ്. കുട്ടിയുടെ പ്രായവും ഉയരവും പരിഗണിക്കുമ്പോള്‍ കൊലപാതകം ആകാനുള്ള സാധ്യത കൃത്യം നടന്ന മുറിയിലെ അളവുകള്‍ പരിശോധിച്ച് അന്വേഷണത്തിലൂടെ നിര്‍ണയിക്കണം എന്ന് ഡോക്ടര്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പില്‍ പോലീസിനേയും പ്രോസിക്യൂഷനേയും രൂക്ഷമായി തന്നെ വിമര്‍ശിക്കുന്നുണ്ട്. ഇങ്ങനെ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ട് പോലീസ് എന്താണ് ചെയ്തത് എന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ എന്താണ് അവതരിപ്പിച്ചത് എന്നും അറിയേണ്ടതുണ്ടെന്ന് കുറിപ്പില്‍ ഉന്നയിക്കുന്നു.

ആറു വയസ്സു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ ചിന്താരീതി കോണ്‍ക്രീറ്റ് തിംങ്കിങ് ആണ്. അതെ അല്ലെങ്കില്‍ അല്ല എന്ന് മാത്രമാണ് ആ സമയത്ത് വ്യക്തത ഉണ്ടാവുക. ഉദാഹരണമായി മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞുകൊടുത്തു എന്നിരിക്കട്ടെ. സാധാരണഗതിയില്‍ അവര്‍ക്ക് മനസ്സിലാവുക മുറ്റത്തു നില്‍ക്കുന്ന മുല്ലക്ക് മണമില്ല എന്ന് തന്നെയാണ്. ഒരു ആശയത്തെ വിശകലനം ചെയ്യാനോ അതിലെ ഗുണദോഷ വശങ്ങള്‍ വിചിന്തനം ചെയ്യാനോ സാധിക്കില്ല എന്ന് ചുരുക്കം.

പതിനൊന്ന് വയസില്‍ മുകളിലാണ് അബ്‌സ്ട്രാക്ട് തിങ്കിങ് ആരംഭിക്കുന്നത്. അതായത് മുതിര്‍ന്നവര്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചു തുടങ്ങുക.

അതുകൊണ്ട് ഈ പ്രായത്തില്‍ പൂര്‍ണമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കി ‘ആത്മഹത്യ’ ചെയ്യും എന്ന് കരുതുക ഒരല്‍പം ബുദ്ധിമുട്ടാണെന്നും കുറിപ്പില്‍ പറയുന്നു.

ഡോക്ടറുടെ കുറിപ്പിന്റെ പൂര്‍ണരൂപം

“മരണകാരണം തൂങ്ങിമരണമെന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. മരണം സംഭവിച്ചിരിക്കുന്നത് ഏകദേശം പതിനെട്ട് മണിക്കൂറിന് മുൻപും ഇരുപത്തിനാല് മണിക്കൂറിനകവും (05/03/2017, ഉച്ചയ്ക്ക് 1.50 ന് മുൻപുള്ള); അവസാന ഭക്ഷണം കഴിച്ചമശേഷം ആറ് മണിക്കൂറിനകം. പലതവണ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ തെളിവുകൾ ശരീരത്തിലുണ്ട്. (എങ്ങനെ എന്ന് റിപ്പോർട്ടിലുണ്ട്. ഇവിടെ എഴുതാനാവുന്നില്ല, അത്രയേറെ വേദനാജനകം) കുട്ടിയുടെ പ്രായവും ഉയരവും (ഉപ്പൂറ്റി മുതൽ വലതുകൈയിലെ നടുവിരലിന്റെ അറ്റം വരെയുള്ള നീളം 151 cm) പരിഗണിക്കുമ്പോൾ കൊലപാതകം ആകാനുള്ള സാധ്യത കൃത്യം നടന്ന മുറിയിലെ അളവുകൾ പരിശോധിച്ച് അന്വേഷണത്തിലൂടെ നിർണയിക്കണം.”

ഇങ്ങനെ ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയേണ്ടതുണ്ട്. കോടതിയിൽ പ്രോസിക്യൂഷൻ എന്താണ് അവതരിപ്പിച്ചത് എന്നും അറിയേണ്ടതുണ്ട്.

ആറു വയസ്സു മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ ചിന്താരീതി കോൺക്രീറ്റ് തിംങ്കിങ് ആണ്. അതെ അല്ലെങ്കിൽ അല്ല എന്ന് മാത്രമാണ് ആ സമയത്ത് വ്യക്തത ഉണ്ടാവുക. ഉദാഹരണമായി മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞുകൊടുത്തു എന്നിരിക്കട്ടെ. സാധാരണഗതിയിൽ അവർക്ക് മനസ്സിലാവുക മുറ്റത്തു നിൽക്കുന്ന മുല്ലക്ക് മണമില്ല എന്ന് തന്നെയാണ്. ഒരു ആശയത്തെ വിശകലനം ചെയ്യാനോ അതിലെ ഗുണദോഷ വശങ്ങൾ വിചിന്തനം ചെയ്യാനോ സാധിക്കില്ല എന്ന് ചുരുക്കം.

പതിനൊന്ന് വയസിൽ മുകളിലാണ് അബ്സ്ട്രാക്ട് തിങ്കിങ് ആരംഭിക്കുന്നത്. അതായത് മുതിർന്നവർ ചിന്തിക്കുന്ന രീതിയിൽ ചിന്തിച്ചു തുടങ്ങുക.

അതുകൊണ്ട് ഈ പ്രായത്തിൽ പൂർണമായ അർത്ഥതലങ്ങൾ മനസ്സിലാക്കി ‘ആത്മഹത്യ’ ചെയ്യും എന്ന് കരുതുക ഒരൽപം ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. പ്രോസിക്യൂഷൻ എന്താണ് ചെയ്തത് എന്നും ജനങ്ങൾ അറിയണം. അവർക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത് എന്നും ജനങ്ങൾ അറിയണം. അത് ജനങ്ങളോട് പറയാൻ ഉള്ള ബാധ്യത സർക്കാരിനുണ്ട്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ഇത് പറയാൻ പ്രതിജ്ഞാബദ്ധരാണ്. വിധിപ്പകർപ്പ് ലഭിച്ചശേഷം ഇതിനുള്ള ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്.

ഇത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. ബാലപീഡനങ്ങൾ കേരളത്തിൽ ആദ്യമായല്ല നടക്കുന്നത്. ദളിത് പീഡനങ്ങൾ കേരളത്തിൽ ആദ്യമായി നടക്കുന്നതല്ല.

പക്ഷേ, ഇത് അവസാനത്തേതാവണം.

Top