ഇളയ പെണ്‍കുട്ടി ആദ്യ കൊലപാതകത്തിന്റെ ദൃക്സാക്ഷി; റിപ്പോര്‍ട്ട് പുറത്തുവിട്ട്‌ യുവമോര്‍ച്ച

കൊച്ചി: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ച. കൊല്ലപ്പെട്ട രണ്ടാമത്തെ പെണ്‍കുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയാണെന്നാണ് യുവമോര്‍ച്ചയുടെ ആരോപണം.

സഹോദരി കൊല്ലപ്പെട്ട ദിവസം രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതായി രണ്ടാമത്തെ കുട്ടി മൊഴി നല്‍കിയിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഇപ്പോഴും ഇക്കാര്യം പറയുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിക്കാന്‍ തയ്യാറാവുന്നില്ല. 2017ല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പാലക്കാട് ജില്ല പോലിസ് മേധാവിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു മൊഴി നല്‍കിയതായി പരാമര്‍ശിക്കുന്നുണ്ട്. ഒരു കൊലപാതകത്തിന്റെ ദൃക്സാക്ഷിയാണ് കൊല്ലപ്പെട്ടതെന്ന ഗൗരവവത്തോടെ രണ്ടാമത്തെ മരണവും അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പും യുവമോര്‍ച്ച പുറത്തുവിട്ടിട്ടുണ്ട്.

കേസ് അട്ടിമറിച്ചതില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ഡിവൈഎഫ്ഐ ഭാരവാഹി പട്ടികയിലുള്ളവര്‍ കേസിലെ പ്രതികളാണ്. സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് കേസ് അട്ടിമറിക്കാന്‍ ഇടപെട്ടത്. ഒന്‍പത് വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പോലിസിന്റെ നിഗമനം എങ്ങനെ വിശ്വസിക്കും. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കിലും കുട്ടിയുടെ പ്രായം, കയര്‍ കെട്ടിയ സ്ഥലത്തിന്റെ ഉയരം എന്നിവ പരിഗണിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും സന്ദീപ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് കേസ് അട്ടിമറിച്ചത്. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ്ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ട്. കേരള പോലിസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്ന് സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും അദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Top