വാളയാര്‍ കേസ് സിബിഐക്ക് കൈമാറണം; കെ സുരേന്ദ്രന്‍

വാളയാര്‍: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തിലെ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറാന്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൂതനെ വിട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ആ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

എന്തിനാണ് സമരമെന്നാണ് മന്ത്രി എ.കെ ബാലന്‍ ചോദിക്കുന്നത്. എന്തിനാണ് സമരമെന്ന് അറിയില്ലെങ്കില്‍ അക്കാര്യം മാതാപിതാക്കളോടല്ല ചോദിക്കേണ്ടത്. മുഖ്യമന്ത്രി ദൂതനെ വിട്ട് എന്ത് കാര്യമാണ് പറഞ്ഞതെന്ന് അന്വേഷിക്കുകയാണ് ബാലന്‍ ചെയ്യേണ്ടത്. കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. പാര്‍ട്ടിക്കാരാണ് പ്രതികള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സോജന്‍ തന്നെയാണ് കേസ് അട്ടിമറിച്ചത്.

ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണ്. ഈയൊരവസ്ഥയില്‍ സിബിഐ അന്വേഷണത്തിലൂടെയല്ലാതെ സത്യം പുറത്ത് വരില്ലെന്ന് ഉറപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top