‘ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു’, മോദീ സന്ദര്‍ശനത്തെ പറ്റി ഇസ്രയേല്‍പത്രം

ജറുസലേം: ‘ഉണരൂ, ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി വരുന്നു’…. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെയാണ് പ്രധാന പത്രങ്ങളില്‍ ഒന്നായ ദി മാര്‍ക്കറ്റ് ഇങ്ങനെ എഴുതിയത്.

വളരെയധികം പ്രാധാന്യത്തോടെയാണ് ഇസ്രയേലിലെ പത്രങ്ങള്‍ മോദിയുടെ സന്ദര്‍ശനത്തെ നോക്കിക്കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് പോലും നല്‍കാത്ത പരിഗണനയാണ് പത്രം നരേന്ദ്ര മോദിക്ക് നല്‍കിയിരിക്കുന്നത്.

പത്രത്തിന്റെ ഹീബ്രു എഡിഷന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യ- ഇസ്രയേല്‍ ബന്ധത്തെക്കുറിച്ചും മോദിയെക്കുറിച്ചും പത്രം വിവരിക്കുന്നത്.

മറ്റ് പത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളും മോദിയുടെ സന്ദര്‍ശനത്തെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി ജറുസലേം പോസ്റ്റ് ‘മോദിസ് വിസിറ്റ് ‘എന്ന പേരില്‍ പ്രത്യേക ലിങ്ക് തന്നെ ഉണ്ടാക്കി.

ഇസ്രയേലിലെത്തുന്ന മോദി പലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പലസ്തീന്‍ ഒഴിവാക്കി ഇസ്രയേല്‍ സന്ദര്‍ശനത്തിന് മാത്രമായെത്തുന്ന മോദിയുടെ നടപടിയെ പ്രാദേശിക നിരൂപകരില്‍ പലരും പുകഴ്ത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പലസ്തീന്‍ സന്ദര്‍ശിക്കുകയോ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യുന്നില്ലെന്ന് ഇസ്രയേലി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ രൂപീകൃതമായി 70 വര്‍ഷത്തിനിടയില്‍ അവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജൂലൈ നാലിനാണ് പ്രധാനമന്ത്രിയുടെ ത്രിദിന സന്ദര്‍ശനം ആരംഭിക്കുന്നത്. ജൂലൈ 5ന് ടെല്‍ അവീവില്‍ നടക്കുന്ന ചടങ്ങില്‍ 4,000 തോളം ഇന്ത്യന്‍ വംശജരായ ഇസ്രയേലി പൗരന്മാര്‍ പങ്കെടുക്കും. വിവിധ മേഖലകളിലായി നിരവധി കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

Top