മോസ്കോയിലേക്കുള്ള പടനീക്കം വേണ്ടെന്ന് വെച്ച് വാഗ്‍‌നർ കൂലിപ്പട്ടാളം

മോസ്കോ : യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന വാഗ്‍‌നർ കൂലിപ്പട്ടാളം റഷ്യയ്ക്കെതിരെ തന്നെ തിരിഞ്ഞു. യുക്രെയ്നിൽനിന്നു പിൻവാങ്ങിയ വാഗ്‌നർ ഗ്രൂപ്പ് പട, തെക്കൻ റഷ്യൻ നഗരമായ റോസ്തോവും 2 സൈനികകേന്ദ്രങ്ങളും പിടിച്ചെടുത്ത് ആഭ്യന്തരയുദ്ധ ഭീതി ഉയർത്തിയെങ്കിലും, ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടു നടത്തിയ മധ്യസ്ഥചർച്ചയെത്തുടർന്നു മോസ്കോയിലേക്കുള്ള പടനീക്കം വേണ്ടെന്നുവച്ചു.

രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ സംഘത്തോടെ മടങ്ങാൻ നിർദേശിച്ചതായി വാഗ്നർ ഗ്രൂപ്പ് മേധാവി തലവൻ യെവ്ഗിനി പ്രിഗോഷിൻ സ്ഥിരീകരിച്ചു. ഇതോടെ മണിക്കൂറുകൾ നീണ്ട സംഘർഷസ്ഥിതിയിൽ അയവുവന്നു. പിന്മാറ്റത്തിനുള്ള ഒത്തുതീർപ്പുവ്യവസ്ഥകൾ പുറത്തുവിട്ടിട്ടില്ല. കൂലിപ്പട്ടാളത്തെ പ്രതിരോധിക്കാൻ റഷ്യൻ സൈന്യം മോസ്കോയിലേക്കു ഹൈവേയിൽ പാലങ്ങൾ അടച്ചു തയാറെടുത്തിരുന്നു. മോസ്കോയിലേക്കു നീങ്ങിയ സംഘത്തിനുനേരെ വ്യോമാക്രമണവും നടത്തി.

മോസ്കോയിൽനിന്ന് 418 കിലോമീറ്റർ ദൂരത്തുള്ള യാലെറ്റ്സ് പട്ടണം വരെ കൂലിപ്പട്ടാളം എത്തിയിരുന്നു. റോസ്തോവ് – മോസ്കോ ഹൈവേയോടു ചേർന്ന വറോനെഷ് നഗരത്തിലെ സൈനികകേന്ദ്രം കൂലിപ്പട്ടാളം പിടിച്ചെടുത്തു. ഹൈവേയിൽ റഷ്യൻ സൈന്യവും കൂലിപ്പട്ടാളവും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുണ്ട്. ഒരു സൈനിക ഹെലികോപ്റ്റർ വെടിവച്ചിട്ടതായി വാഗ്നർ ഗ്രൂപ്പ് അവകാശപ്പെട്ടു. മോസ്കോയിലേക്കുള്ള പടനീക്കം ഒഴിവാക്കിയെങ്കിലും റോസ്തോവിലെ സൈനിക ആസ്ഥാനത്തിൽ കൂലിപ്പട്ടാളം തുടരുകയാണ്.

ഇതിനിടെ, റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്നു മേയർ നിർദേശിച്ചു. നാളെ അവധി പ്രഖ്യാപിച്ചു. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ മോസ്കോ വിട്ടെന്ന അഭ്യൂഹം റഷ്യ തള്ളി. പ്രസിഡന്റിന്റെ വിമാനങ്ങളിലൊന്നു പറന്നുയർന്നതായി വാർത്തകൾ വന്നിരുന്നു. കലാപം ഉപേക്ഷിച്ചു സ്വന്തം താവളങ്ങളിൽ തിരിച്ചെത്തി റിപ്പോർട്ട് ചെയ്യാനും പ്രതിരോധ മന്ത്രാലയം വാഗ്‌നർ ഗ്രൂപ്പ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

 

Top