ശബരിമല ദിവസ വേതനക്കാരുടെ കൂലി വർദ്ധന; അനുകൂല നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ശബരിമല: ശബരിമലയിലെ ദിവസ വേതനതക്കാരുടെ കൂലി വർദ്ധിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്. അടുത്ത ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. ദിവസവേതനക്കാരുടെ പ്രതിസന്ധി സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം. 420 രൂപയാണ് ശബരിമലയിലെ ദിവസവേതനക്കാർക്ക് കിട്ടുന്നത്. ഇത് നാട്ടുനടപ്പ് അനുസരിച്ചുള്ളതിന്റെ പകുതി പോലും ഇല്ല. ഈ പോരായ്മ ദേവസ്വം ബോർഡ് തന്നെ സമ്മതിച്ചു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പും ദേവസ്വം ബോർഡ് പ്രസിഡന്റ് നല്‍കുന്നു. ദിവസവേതനക്കാർ താമസിക്കുന്ന ശോചനീയമായ അവസ്ഥയിലും ഉടൻ മാറ്റമുണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

രണ്ടായിരത്തില്‍ അധികം ആളുകളാണ് ശബരിമലയില്‍ ദിവസ വേതനത്തിന് ജോലി നോക്കുന്നത്. 420 രൂപ മുതല്‍ 550 രൂപവരെയാണ് ഇവരുടെ കൂലി. അതേ സമയം നാട്ടില്‍ 1000 വും 1500 മാണ് ദിവസവേതനക്കാരുടെ കൂലി. ഓരോ വര്‍ഷവും കോടികള്‍ നടവരവുണ്ടാവുമ്പോഴും ദിവസവേതനക്കാരുടെ കൂലിയില്‍ മാത്രം വര്‍ദ്ധനവുണ്ടാകുന്നില്ല. കേവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് നഷ്ടത്തിലാമെന്നും ദിവസവേതനക്കാര്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നുണ്ടെന്നുമായിരുന്നു ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നത്. അതേ സമയം വഴിപാടുകളുടെ നിരക്കുകളില്‍ ദേവസ്വം ബോര്‍ഡ് രണ്ടും മൂന്നും ഇരട്ടി വര്‍ദ്ധനവ് വരുത്തുകയും ചെയ്തു. ഇത് വാർത്തയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നടപടി. അതേ സമയം മകരവിളക്കിനോട് അനുബന്ധിച്ച് ഓരോ ദിവസവും ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയില്‍ ഭക്തനാണ് സന്നധാനത്തേക്ക് എത്തിച്ചേരുന്നത്.

Top