‘അദ്ദേഹം വിളിച്ചപ്പോള്‍ ഒരു മണിക്ക് കാറെടുത്ത് ഇറങ്ങിപ്പോയി’ ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി വഫ

അബുദാബി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച സംഭവം വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ എണ്ണിയെണ്ണി മറുപടി നല്‍കിയിരിക്കുകയാണ് വഫ ഇപ്പോള്‍. ഭര്‍ത്താവ് ഫിറോസിന്റെ വാദങ്ങളെ തള്ളിയാണ് വഫ രംഗത്തെത്തിയിരിക്കുന്നത്. ഫിറോസിന്റെ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്നും തന്നെ വിശ്വസിക്കണമെന്നും ആറു വിഡിയോകളിലൂടെ വഫ അഭ്യര്‍ഥിക്കുന്നു.

വഫയുടെ വിഡിയോയില്‍ പറയുന്നത് ഇങ്ങനെ :

‘ഈ വിഡിയോ എന്നെയും ഫിറോസിനെയും അറിയാത്തവര്‍ക്ക് വേണ്ടിയുള്ളതാണ്. നിങ്ങള്‍ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭര്‍ത്താവെന്ന നിലയില്‍ മനസിലാക്കിയ ആളല്ല. എന്റെ കുഞ്ഞിലേ, അതായത് മൂന്നോ നാലോ വയസു മുതലേ എന്നെ കാണുന്ന വ്യക്തിയാണ്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹത്തെ അങ്കിള്‍ എന്ന് വിളിക്കുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ 13 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയല്‍ക്കാരനാണ്. നാലു വീട് അപ്പുറം. മാത്രമല്ല, അദ്ദേഹം എന്റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും. നിങ്ങള്‍ക്കറിയാത്ത പലകാര്യവുമുണ്ട്. എന്റെയും ഫിറോസിന്റെയും മഹല്ല് ഒന്നാണ് എന്നത് അതിലൊന്നാണ്.

അപകടത്തിന് ശേഷം ഫിറോസ് മൂന്ന് ദിവസത്തേയ്ക്ക് നാട്ടില്‍ വന്നു. എന്നാല്‍ പുള്ളിക്കാരന്‍ എന്നെയും മോളെയും വന്നു കാണാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ കസിന്‍സായ സവാന്‍, നാസിര്‍ എന്നിവരോടൊപ്പമായിരുന്നു തിരുവനന്തപുരത്ത് താമസിച്ചത്. എന്നാല്‍ നേരത്തെ ഫിറോസാണ് എന്റെ കസിന്‍സിനെയെല്ലാം വിളിച്ചിട്ട് വഫയുടെ അടുത്തുപോകണം, സപ്പോര്‍ട്ട് ചെയ്യണം, വഫയെ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നിറക്കണം, എല്ലാ നിലയിലും വഫയുടെ കൂടെ നില്‍ക്കണമെന്നൊക്കെ പറഞ്ഞത്. എന്നാല്‍ നാട്ടില്‍ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല. ആരെങ്കിലും അവിഹിത സ്വാധീനം ചെലുത്തിയോ എന്നുമറിയില്ല. മീഡിയയ്ക്ക് ഇതിനകത്ത് ഒത്തിരി പങ്കുണ്ട്. അവര് പറഞ്ഞതെല്ലാം ഒരു സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യങ്ങളൊന്നും ആയിരുന്നില്ല. കുറേ സ്റ്റോറീസ് ഇറങ്ങിയിട്ടുണ്ടായിരുന്നു. അദ്ദേഹവും അത് വിശ്വസിച്ചു. 19 വര്‍ഷം അദ്ദേഹം കണ്ട വഫയല്ല. ഒരാഴ്ച യു ട്യൂബിലും അതിലുമിതിലും കാണിച്ച വഫയാണ് യഥാര്‍ഥമെന്ന് അദ്ദേഹവും വിശ്വസിച്ചു.

എനിക്കെതിരെ കുറേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ആദ്യം പറയാനുള്ളത് ഗര്‍ഭഛിദ്രം നടത്തിയതിനെക്കുറിച്ചാണ്. എന്റെ മകള്‍ക്ക് ഇപ്പോള്‍ 16 വയസ്സായി. അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവള്‍ കുഞ്ഞാണെന്ന് കരുതി അദ്ദേഹം തന്നെയാണ് എനിക്ക് നാട്ടിലേയ്ക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്ത് തന്നത്. അദ്ദേഹം എനിക്കയച്ച വക്കീല്‍ നോട്ടീസില്‍ എഴുതിയിട്ടുണ്ട്, വഫ ഒന്നും സമ്ബാദിക്കുന്നില്ല, ഞാനാണ് എല്ലാം വഫയ്ക്ക് കൊടുക്കുന്നതെന്ന്. പിന്നെങ്ങനെ ഞാന്‍ ടിക്കറ്റെടുക്കും? അദ്ദേഹം അന്ന് നാട്ടില്‍ പഠിക്കുകയായിരുന്ന എന്റെ ബ്രദറിനെ വിളിച്ച്‌ അവനാണ് അന്ന് എന്നെ കൊണ്ടുപോകുന്നത്. ഫിറോസ് അയച്ച വക്കീല്‍ നോട്ടീസ് കണ്ടിട്ട് എനിക്ക് ഒന്നും മനസിലായില്ല. അത് കണ്ടിരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ മഹല്ലിനോട് പോലും പ്രതികരിച്ചില്ല. കാരണം അദ്ദേഹം നാട്ടില്‍ വിട്ട ഒരു കാര്യം അദ്ദേഹം ഇങ്ങനെ തിരിച്ചടിക്കുമെന്ന് ഞാന്‍ കരുതിയില്ല.

പിന്നെ പറയുന്ന ആരോപണം, ഞാന്‍ ബാറില്‍ പോകുമെന്നും കുടിക്കുമെന്നുമൊക്കെ. അഞ്ച് വര്‍ഷമായി അബുദാബിയില്‍. ഇന്നേവരെ ഒരു ബാറിലോ മദ്യം കൊടുക്കുന്ന സാധാരണ ഒരു സ്ഥലത്ത് പോലും ഞാന്‍ പോയിട്ടില്ല. നിങ്ങളാരെങ്കിലും എന്നെ കണ്ടിട്ടുണ്ടോ അബുദാബിയില്‍? ക്ലബിങ്ങൊക്കെ ചെയ്യുന്ന ഒരുപാടു പേരില്ലേ, കണ്ടിട്ടുണ്ടോ? ഞാന്‍ പോയിട്ടില്ല. മോളെ ട്യൂഷന് വിടാനും മറ്റുമാണ് ഞാന്‍ വെളിയിലിറങ്ങിക്കൊണ്ടിരുന്നേ. 2012 അല്ലെങ്കില്‍ 2013 ലാണ് ഞാനാദ്യമായിട്ട് ഒരു ഡാന്‍സ് പാര്‍ട്ടി കാണുന്നത്. അന്ന് കൂട്ടുകാരോടൊപ്പം അവിടെ പോവുകയും അവിടുത്തെ ബഹളവും മറ്റും കണ്ടിട്ട് 10 മിനിറ്റിനുള്ള ഞങ്ങള്‍ ചാടിയിറങ്ങുകയാണ് ചെയ്തത്. അല്ലാതെ ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ ക്ലബിങ്ങിനും ഡാന്‍സ് പാര്‍ട്ടിക്കോ മദ്യം കഴിക്കാനോ പോയിട്ടില്ല.

അടുത്ത ആരോപണം, ബിസിനസ്. ഫിറോസിന്റെ ബിസിനസെല്ലാം ഞാന്‍ കാരണമാണ് തകര്‍ന്നത് എന്നു പറഞ്ഞു. ജോര്‍ജ് എന്നൊരു വ്യക്തിയുമായിട്ടാണ് ഫിറോസ് ബിസിനസ് തുടങ്ങിയത്. ജോര്‍ജ് വളരെ സ്മാര്‍ട്ടായ ഒരാളാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഭയങ്കര സ്മാര്‍ട്ടായ ഒരാള്‍. ഫിറോസ് ബഹ്റൈനില്‍ ബിസിനസ് തുടങ്ങിയപ്പോള്‍ ഷിയാ-സുന്നി പ്രശ്നം നടക്കുകയായിരുന്നു. ഫിറോസിന് ഒരു ബിസിനസും കിട്ടാതെയായി. അവസാനം ജോര്‍ജ് കൈവിട്ടു. രണ്ടു വര്‍ഷം മാത്രമേ ഞങ്ങള്‍ക്ക് ബഹ്റൈനില്‍ നില്‍ക്കാന്‍ പറ്റിയുള്ളൂ. ആ ഒരു ബിസിനസിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ എന്തുകൊണ്ട് ഫിറോസ് കൊണ്ടിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. സാധാരണ ആണുങ്ങളുടെ കൈയിലാണ് ബിസിനസെല്ലാം ഇരിക്കുക. ഇങ്ങനെയൊരു പെണ്ണായ ഞാന്‍ അതിന്റെ തകര്‍ച്ചയ്ക്ക് എങ്ങനെ കാരണമായി എന്ന് ഫിറോസ് തന്നെയാണ് പറയേണ്ടത്, എനിക്കറിയില്ല.

അടുത്ത ആരോപണം എന്താണെന്ന് പറയാന്‍ എനിക്ക് നാണക്കേടുണ്ട്. അന്യപുരുഷന്മാരുമായി സമ്ബര്‍ക്കം എന്നാണ് പറഞ്ഞിരിക്കുന്നത്. ശ്രീറാം എന്റെ വെറുമൊരു ഫ്രണ്ടാണെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. അതില്‍ ഒരു രീതിയിലുള്ള വൃത്തികേടുമില്ല. അത് ഞാന്‍ അദ്ദേഹത്തിന്റെയടുത്ത് മാത്രമല്ല, സാധാരണ ജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍. പക്ഷേ, ഞാനത് വൃത്തികേട് ആലോചിച്ചോണ്ടല്ല പോയത്. എനിക്ക് ഡ്രൈവിങ് വളരെയിഷ്ടമാണ്. ഭയങ്കര ആത്മവിശ്വാസവുമാണ്. ഞാനങ്ങനെ ഇറങ്ങിപ്പോയതാണ്. അതില്‍ എന്റെ മനസില്‍ എന്തെങ്കിലും വൃത്തികേടുണ്ടെങ്കില്‍ ഞാനെന്റെ മകളുടെയടുത്ത് യാത്ര പറഞ്ഞിട്ട് പോകില്ല. കുറച്ചു ആള്‍ക്കാര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ വിശ്വസിക്കൂ. പ്ലീസ്.. ആ അപകടം പറ്റിപ്പോയി. കൈയിന്ന് വിട്ടുപോയി.

ഫിറോസിനെ താന്‍ നിര്‍ബന്ധിച്ച്‌ കാര്‍ വാങ്ങിപ്പിച്ചു എന്ന ആരോപണവും വഫ നിഷേധിക്കുന്നു. ഫിറോസ് ബഹ്റൈനിലായിരുന്നപ്പോള്‍ തന്റെ പേരില്‍ ബാങ്ക് വായ്പയെടുത്ത് വാങ്ങിച്ചതാണെന്ന് വഫാ രേഖകള്‍സഹിതം ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കുന്നു. എന്തിനാണ് എന്റെ പേരില്‍ വായ്പയെടുത്ത് കാര്‍ വാങ്ങിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, എങ്ങാനും എനിക്ക് വായ്പ തിരിച്ചടക്കാന്‍ സാധിച്ചില്ലെങ്കില്‍ വഫയുടെ പപ്പ അടയ്ക്കുമല്ലോ എന്നായിരുന്നു മറുപടി. 8,25,000 രൂപ വിലയുള്ള കാറാണ് വാങ്ങിച്ചത്. അങ്ങനെ ഒരു അപകടം ഉണ്ടായപ്പോള്‍ പുള്ളിക്കാരന്‍ ഇൗ കാര്യത്തിലും എന്നെ കൈവിട്ടുവെന്നും വഫ വീഡിയോയില്‍ പറയുന്നു.

Top