ശ്രീറാമിനെതിരെ വഫയും, പറയുന്നത് പച്ചക്കള്ളം, അവർ തമ്മിൽ അടി തുടങ്ങി

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വഫ ഫിറോസ്. കാറിടിച്ചപ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അഭ്യര്‍ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാമിനെ തള്ളി വഫ തന്നെ രംഗത്തെത്തിയത്. ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്നാണ് വഫ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

താനാണ് കാറോടിച്ചതെന്ന്‌ ശ്രീറാം ആവര്‍ത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം സംഭവിച്ച കാര്യങ്ങള്‍ അതേപോലെ പറഞ്ഞ വ്യക്തിയാണ്. എനിക്കെന്താണ് നാളെ സംഭവിക്കുക എന്നെനിക്കറിയില്ല. ഞാനിതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം. ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’വെന്നും വഫ പറയുന്നു.

അതേസമയം, കേസില്‍ ശ്രീറാമിന്റെ സസ്പെന്‍ഷന്‍ 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ കേസ് നടക്കുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് ബോധപൂര്‍വ്വം അപകടമുണ്ടാക്കിയിട്ടില്ലെന്ന ശ്രീറാമിന്റെ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുത്തത്. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചതു താനല്ലെന്നും ഏഴ് പേജുള്ള വിശദീകരണക്കുറിപ്പില്‍ ശ്രീറാം വ്യക്തമാക്കിയിരുന്നു.

അപകടം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ശ്രീറാം പറഞ്ഞു.

അതേ സമയം എഡിജിപി ഷെയ്ക്ക് ദര്‍വ്വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ ബഷീര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. ചില ഫൊറന്‍സിക് ഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരെ കേസേടുത്തിരുന്നത്.

ഓഗസ്റ്റ് 3നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് സഹയാത്രിക വഫ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീറാമിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തത്.

Top