പാലം തുറന്നു കൊടുത്ത സംഭവം; പൊതുമുതല്‍ നശിപ്പിച്ചതിനും വ്യാജപ്രചരണത്തിനും കേസ്

കൊച്ചി:വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനും കേസ്. പാലം തുറന്നിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി, പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ഉള്ളത്.

ചൊവ്വാഴ്ച വൈകിട്ട് തൈക്കൂടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്കു വൈറ്റില മേല്‍പാലത്തില്‍ പ്രവേശിക്കാന്‍ സാധിക്കും വിധം ബാരിക്കേഡുകള്‍ എടുത്തു മാറ്റുകയായിരുന്നു. വിഫോര്‍ കേരളയുടെ ഏതാനും പ്രവര്‍ത്തകരുടെ വാഹനങ്ങളാണ് ആദ്യം പാലത്തില്‍ കയറിയതെന്നും പിന്നാലെ വന്ന ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പാലത്തിലേക്കു കയറുകയായിരുന്നെന്നും പൊലീസ് പറയുന്നു. മറുഭാഗത്ത് ബാരിക്കേഡുകള്‍ മാറ്റിയിട്ടില്ലാതിരുന്നതിനാല്‍ വാഹനങ്ങക്ക് കടന്നു പോകാന്‍ സാധിക്കാതെ ഗതാഗതക്കുരിക്ക് ഉണ്ടായി.

കഴിഞ്ഞ 31ന് മേല്‍പാലം വിഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇവിടെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബാരിക്കേഡ് എടുത്തു മാറ്റിയ സമയം സ്ഥലത്ത് പൊലീസ് ഇല്ലാതിരുന്നതാണ് വിനയായത്. പാലത്തിനു താഴെയുണ്ടായിരുന്ന പൊലീസുകാര്‍ എത്തി വാഹനങ്ങള്‍ തിരികെ ഇറക്കിവിടുകയായിരുന്നു.

ഇതിനിടെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി വിഫോര്‍ കേരള പ്രവര്‍ത്തകര്‍ മരട് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. ഈ സമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും വിഫോര്‍ പ്രവര്‍ത്തകരെ തടയുകയും ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പൊലീസ് എത്തിയാണ് ഇരു കൂട്ടരെയും അനുനയിപ്പിച്ച് തിരിച്ചയച്ചത്.

Top