വൈപ്പിനില്‍ വീട്ടമ്മയ്ക്കു മര്‍ദ്ദനം; മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും കേസെടുത്തു

vypin

കൊച്ചി: വൈപ്പിനില്‍ മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ അയല്‍വാസികളായ സ്ത്രീകള്‍ സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസില്‍ മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും സ്വമേധയ കേസെടുത്തു. വീട്ടമ്മയുടെ പരാതിയില്‍ മുനമ്പം പൊലീസും കെസെടുത്തിട്ടുണ്ട്.

വീട്ടമ്മ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സി.ടി സ്‌കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍ക്കുശേഷം വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍നിന്ന് ഇന്ന് വൈകിട്ടോടെ വീട്ടമ്മയെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയേക്കും.

അതേസമയം സ്ത്രീയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കൊച്ചി പള്ളിപ്പുറം കൈപ്പാശ്ശേരി വീട്ടില്‍ ലിജി അഗസ്റ്റിന്‍, അച്ചാരുപറമ്പില്‍ മോളി, പാറക്കാട്ടില്‍ ഡീന എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞദിവസമാണ് പൊതുസ്ഥലത്ത് വച്ച് അയല്‍വാസിയായ മാനസികവൈകല്യമുള്ള സ്രിന്‍ഡ ആന്റണി എന്ന സ്ത്രീയെ ഇവര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയത്.

Top