ജനങ്ങളെ വലക്കുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് ആരും അനുകൂലിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി

harthal

തിരുവനന്തപുരം : ഇന്ന് നടക്കുന്ന ബിജെപി ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി. ജനങ്ങളെ വലക്കുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് ആരും അനുകൂലിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു.

വെള്ളപ്പൊക്ക ദുരിതവും സാമ്പത്തിക മാന്ദ്യവും മൂലം പ്രതിസന്ധിയെ നേരിടുന്ന വ്യാപാര വാണിജ്യ മേഖലക്ക് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നതായിരിക്കും ഹര്‍ത്താല്‍. അതിനാല്‍ എല്ലാവരും കടകള്‍ തുറക്കണമെന്ന് സമിതി അറിയിച്ചു. വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചു. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്ക് മാറ്റി

അതേസമയം ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ അക്രമത്തിന് മുതിരുകയോ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അക്രമം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Top