ദുരൂഹ മരണങ്ങളുടെ, അഴിമതിയുടെ, കൂത്തരങ്ങായി മാറിയ ‘വ്യാപം’ കേസ്

രാജ്യത്തെ ഏറ്റവും വലിയ നിയമന തട്ടിപ്പാണ് മധ്യ പ്രദേശിലെ വ്യാപം തട്ടിപ്പ്. ദിഗ് വിജയ് സിങ്ങിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപം നല്‍കിയ വ്യാപത്തിലൂടെ, വ്യാപക നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ഉമാഭാരതിക്കു പകരം, ശിവരാജ് സിങ്ങ് ചൗഹാന്‍ മുഖ്യമന്ത്രിയായതോടെ വ്യാപവും പടര്‍ന്നു പന്തലിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യയായ സാധന സിങ്ങിനെ കേന്ദ്രീകരിച്ചുളള ഉപജാപകസംഘമാണ് ഇതിനെല്ലാം പിന്നിലെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഒരന്വേഷണവും അങ്ങോട്ട് നീണ്ടിട്ടില്ല.

കുറ്റാരോപിതര്‍ നല്‍കിയ വിവരപ്രകാരം എസ്ടിഎഫ് തയ്യാറാക്കിയ എഫ്ഐആറില്‍ സൂചിപ്പിച്ചിരുന്ന മന്ത്രാണി സാധാന സിങ്ങാണെന്നു ആരോപണമുണ്ടെങ്കിലും എസ്.ടി.എഫും സി.ബി.ഐയും ആ വഴിക്ക് ഒരന്വേഷണവും നടത്തിയിട്ടില്ല. ആരോപണ വിധേയനായ മറ്റൊരാൾ ആർ.എസ്.എസ് നേതാവ് സുരേഷ് സോണിയാണ്. അറസ്റ്റിലായ സുധീര്‍ ശർമ്മയുമായി സംഘപരിവാര്‍ നേതാക്കള്‍ക്കു ബന്ധമുണ്ടെന്ന തെളിവു പുറത്തു വന്നതും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രഭാത് ഝാ രാജ്യസഭാംഗം എ.പി ദാവേ എന്നിവര്‍ക്കെതിരായ തെളിവുകള്‍ ആദായനികുതി വകുപ്പാണ് പുറത്ത് വിട്ടത്. ഈ കുംഭകോണം ബി.ജെ.പിക്കുളളിൽ ശക്തമായ ചേരിപ്പോരിന് കാരണമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. പാർട്ടിയിലെ തൻ്റെ ആധിപത്യം ഉറപ്പിക്കാൻ ‘ഒരായുധം’ എന്നതിന് അപ്പുറം മറ്റൊരു നടപടിയും മോദി സ്വീകരിക്കില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

വ്യാപം കുംഭകോണത്തെ കേവലമൊരു അഴിമതി മാത്രമായി ഒതുക്കാനാവില്ല. നരഹത്യയും മനുഷ്യനു നേരെയുളള ദയാരഹിതമായ കടന്നുകയറ്റവുമുണ്ടാക്കിയ ഭീതിദമായ ഒരവസ്ഥയാണിത്. 1995 മുതലാണ് വ്യാപം അഴിമതി പുറത്ത് വന്നുതുടങ്ങിയിരുന്നത്. 2000-ൽ, ചറ്റാർപൂർ ജില്ലയിലാണ് ആദ്യത്തെ എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന്, 2004-ൽ കാണ്ട്‌വ ജില്ലയിൽ ഏഴ് കേസുകളും റജിസ്റ്റർ ചെയ്യപ്പെട്ടു. എങ്കിലും അന്നെല്ലാം ഇത് ഒറ്റപ്പെട്ട കേസുകളായാണ് വിലയിരുത്തപ്പെട്ടിരുന്നത്. 2013-ലാണ് വ്യാപത്തിൻ്റെ വ്യാപ്തി ശരിക്കും പുറം ലോകമറിഞ്ഞുതുടങ്ങിയിരുന്നത്. അതോടെ ഞെട്ടിക്കുന്ന സംഭവ പരമ്പരകൾക്കാണ് തുടക്കമായിരുന്നത്.

വിവിധ കോഴ്സുകൾക്കും ജോലികൾക്കുമായി നടത്തിയ പ്രവേശന പരീക്ഷകളിൽ വ്യാപകമായ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. ഈ അഴിമതി കേസിൽ 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നൽകപ്പെട്ടിരുന്നത്. ഈ കേസിൻ്റെ അന്വേഷണ ഘട്ടത്തിൽ തന്നെ വാർത്ത പുറത്തു കൊണ്ടുവന്ന പത്രപ്രവർത്തകരും പ്രതികളും അന്വേഷണ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേരാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നത്. ഈ കൊലപാതകങ്ങളാണ് യഥാർത്ഥത്തിൽ വ്യാപത്തിലെ അഴിമതിയുടെ വ്യാപ്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയിരുന്നത്.

മുന്‍ മധ്യപ്രദേശ് മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ലക്ഷ്മികാന്ത് ശര്‍മ ഉള്‍പ്പെടെ 86 പേരെ പ്രതികളാക്കിയാണ് സിബിഐ നിലവിൽ പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2012ല്‍ നടത്തിയ ഗ്രേഡ് ടു അധ്യാപക പരീക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് ഈ കുറ്റപത്രം. സംഭവം നടക്കുമ്പോള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മികാന്ത് ശര്‍മ. ശിവ് രാജ് സിങ് ചൗഹാനായിരുന്നു അന്നും മുഖ്യമന്ത്രി. ഉന്നത ഉദ്യോഗസ്ഥന്‍ ഒപി ശുക്ല, കൺട്രോളര്‍ പങ്കജ് ത്രിവേദി, ഖനന വ്യവസായി സുധീര്‍ ശര്‍മ്മ, ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ കെ ഷിവാരെ, റവന്യു ജോയിന്റ് കമ്മീഷണർ രവികാന്ത് ദ്വിവേദി എന്നിവരുൾപ്പെടെ അനവധി പേർ വ്യാപ കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ആദ്യം എസ്.ടി.എഫ് അന്വേഷിച്ച കേസ് സി.ബി.ഐയുടെ കൈകളിൽ എത്തിയത് മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിങ്ങിന്റെ മരണത്തോടെയാണ്.

മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് മേധാവിയായിരുന്ന പങ്കജ് ത്രിവേദി, വ്യാപം പ്രിന്‍സിപ്പല്‍ സിസ്റ്റം അനലിസ്റ്റ് നിതിന്‍ മൊഹിന്ദ്ര, രണ്ട് വ്യാപം ഉദ്യോഗസ്ഥര്‍, 72 ഉദ്യോഗാര്‍ഥികള്‍, 11 ഇടനിലക്കാര്‍ എന്നിവരാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവർ. വ്യാപം അഴിമതി കേസിൽ ഉന്നതരെ രക്ഷിക്കാൻ കോൺഗ്രസ്സും ബി.ജെ.പിയും ഒരു പോലെയാണ് ശ്രമിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ പോലും കൊലപ്പെടുത്താൻ ഗൂഢ സംഘങ്ങൾക്ക് ധൈര്യം നൽകിയതും ഉന്നത പിടിപാട് തന്നെയാണ്. ഇങ്ങനെ സംശയിക്കാൻ കാരണങ്ങളും നിരവധിയാണ്. ഈ കാരണങ്ങൾ പരിശോധിക്കുന്നതിനു മുൻപ് വ്യാപം അഴിമതിയെ കുറിച്ച് സമഗ്രമായി നാം പരിശോധിക്കേണ്ടതുണ്ട്. രാജ്യത്ത് പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട അഴിമതികളില്‍ ഏറ്റവും ആസൂത്രിതവും വിപുലവുമാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി. ഇക്കാര്യത്തിൽ സി.ബി.ഐക്ക് പോലും സംശയം ഉണ്ടാകുകയില്ല.

മെഡിക്കല്‍- എന്‍ജിനിയറിങ് സീറ്റുകളിലേക്കും സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ ഒഴിവിലേക്കും നിയമനം നടത്തുന്നതിന് 1980ല്‍ രൂപംകൊണ്ട സമിതിയാണ് മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് അഥവാ എംപിപിഇബി. ഹിന്ദിയില്‍ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഹിന്ദിയിലുള്ള പേരിന്റെ ചുരുക്കെഴുത്ത് എന്ന രീതിയിലാണ് ഈ അഴിമതിക്ക് ‘വ്യാപം’ എന്ന പേരുലഭിച്ചിരിക്കുന്നത്.

രാഷ്ട്രീയക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ക്രിമിനലുകള്‍, പൊലീസുകാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി, വിപുലമായ കണ്ണിയാണ് വ്യാപം
അഴിമതിക്ക് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നത്. സമൂഹത്തിലെ സമ്പന്നരായ വ്യക്തികളാണ് സ്വന്തം കുട്ടികള്‍ക്ക് ജോലിയും മെഡിക്കല്‍ സീറ്റും മറ്റും ഉറപ്പുവരുത്താന്‍ ലക്ഷങ്ങളും കോടികളും ഒഴുക്കിയിരിക്കുന്നത്. മൊത്തം 3000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് അനൗദ്യോഗിക കണക്ക്.

പ്രധാനമായും മൂന്ന് രീതിയിലാണ് അഴിമതി നടന്നിരിക്കുന്നത്. ഒന്നാമതായി സംഭവിച്ചത് പണംകൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയെഴുതാന്‍ അപരന്മാരെ ഏര്‍പ്പെടുത്തുക എന്നതാണ്. നേരത്തെ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ഥികളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. അപരന്മാര്‍ക്ക് ഒരു പരീക്ഷയ്ക്ക് നാലുലക്ഷം രൂപ വരെയാണ് നല്‍കിയിരുന്നത്. തട്ടിപ്പ് നടത്തുന്ന ഏജന്‍സി പരീക്ഷ എഴുതുന്നതിനായി 10 ലക്ഷം രൂപവരെ ഈടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ഥികളുടെ പേര്, വിലാസം എന്നിവയെല്ലാം ആരാണോ യഥാര്‍ഥ അപേക്ഷകന്‍ അവരുടേത് തന്നെയായിരിക്കും. എന്നാല്‍, ഹാള്‍ടിക്കറ്റിലെ ഫോട്ടോ മാത്രം അപരന്റേതായി മാറും. പരീക്ഷയ്ക്കുശേഷം ഹാള്‍ടിക്കറ്റിലെ പടവും മാറ്റും.

പരീക്ഷാഹാളിലെ പരിശോധകന്റെ അറിവോടെ നടത്തുന്ന കോപ്പിയടിയാണ് രണ്ടാമത്തെ രീതി. എന്‍ജിന്‍ ആന്‍ഡ് ബോഗി എന്ന കോഡ് നാമത്തിലാണ് ഇതറിയപ്പെടുന്നത്. പരീക്ഷ നന്നായി പഠിച്ച് എഴുതുന്ന രണ്ട് കുട്ടികള്‍ക്ക് ഇടയിലായി പരീക്ഷാ റാക്കറ്റ് കാശുവാങ്ങിയ വിദ്യാര്‍ഥിയെ ഇരുത്തും. ഇരുഭാഗത്തുമുള്ള കുട്ടികളുടെ ഉത്തരക്കടലാസില്‍നിന്നും നടുക്കിരിക്കുന്ന വിദ്യാര്‍ഥി കോപ്പിയടിക്കുകയും ചെയ്യും. ഈ സൗകര്യം സൃഷ്ടിക്കുന്നതിന് ഇരുവശത്തുമിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരിശോധകനും ലഭിക്കുന്നത് ലക്ഷങ്ങളാണ്.

വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളിൽ ഒന്നും എഴുതാതെ നല്‍കുക എന്നതാണ് മറ്റൊരു തട്ടിപ്പ് രീതി. ഒന്നും എഴുതാതെ ഉത്തരക്കടലാസ് ഒഴിച്ചിടുന്നവര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിക്കും. പരീക്ഷാ ഉദ്യോഗസ്ഥരും പരിശോധകരും മാത്രമല്ല ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിയാണിത്. മാര്‍ക്കിനുസരിച്ച് ഒഴിഞ്ഞ ഉത്തരക്കടലാസില്‍ ഉത്തരങ്ങള്‍ എഴുതിച്ചേര്‍ക്കാനും ഈ സംഘത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിവരാവകാശ നിയമമനുസരിച്ച് ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യവും വ്യക്തമായിരിക്കുന്നത്. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് രാജ്യത്തെ നടുക്കിയ മരണ പരമ്പരകളാണ്.

ഇരുപത്തിരണ്ടുകാരനായ റിങ്കു എന്ന പ്രമോദ് ശര്‍മയെ, 2013 ഏപ്രില്‍ 21ന്, മധ്യപ്രദേശിലെ ഒരു വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയിരുന്നത്. വ്യാപം അഴിമതിക്കേസില്‍ പ്രതിയായ റിങ്കു, സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് നിഗമനം. എന്നാല്‍, റിങ്കുവിന്റെ സഹോദരന്‍ മഹാവീര്‍ ശര്‍മ, ഈ പൊലീസ് ഭാഷ്യം തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. തൂങ്ങാന്‍ ഉപയോഗിച്ച തുണിയോ ചരടോ, മുറിയില്‍നിന്ന് കണ്ടെത്താന്‍ പൊലീസിന് കഴിയാത്തതും, റിങ്കുവിന്റെ മുഖത്തുനിന്നും ചെവികളില്‍നിന്നും ചോര ഒലിച്ചതുമെല്ലാം, സംശയം വർദ്ധിപ്പിക്കുന്നതാണ്. നെറ്റിയിലും തലയിലും മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മുറിവേല്‍പ്പിച്ച പാടും, കൊലപാതക സാധ്യത ഉയർത്തുന്നതായിരുന്നു. എന്നാൽ, ഇതൊന്നും തന്നെ മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ്, മഹാവീര്‍ ചൂണ്ടിക്കാട്ടുന്നത്.

റിങ്കു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും, പൊലീസ് കുടുംബത്തിന് കൈമാറിയിട്ടില്ല. ഗ്വാളിയറില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുംവേണ്ടിയുള്ള പരിശീലനകേന്ദ്രം നടത്തുകയായിരുന്നു റിങ്കു വ്യാപം അഴിമതിയില്‍ പങ്കാളിയാകുന്നതും ഇതുവഴി തന്നെ ആയിരുന്നു.

പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ നിയമന കുംഭകോണത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെട്ട ദേവേന്ദര്‍ നാഗര്‍ സ്വന്തം ഗ്രാമത്തില്‍ 2013 ഡിസംബര്‍ 26ന് ആണ് വാഹനാപകടത്തില്‍ മരിച്ചിരുന്നത്. വ്യാപം കുംഭകോണത്തില്‍ മറ്റൊരു ഇടനിലക്കാരനായിരുന്ന ബാന്‍ഡി സിക്കാര്‍വറിനെ ഗ്വാളിയര്‍ സൈനികകോളനിയില്‍ തൂങ്ങിമരിച്ച നിലയിലും പിന്നീട് കണ്ടെത്തുകയുണ്ടായി. ജീവനൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന്, ബാന്‍ഡിയുടെ ഭാര്യ മാലയ്ക്ക് ഇപ്പോഴും അറിയില്ല. വ്യാപം കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും തന്നെ ബാന്‍ഡി വീട്ടില്‍ അറിയിച്ചിരിന്നുമില്ല.

ജബല്‍പുര്‍ മെഡിക്കല്‍ കോളേജ് ഡീനായിരുന്ന ഡോ. അരുണ്‍ ശര്‍മ വ്യാപം കുംഭകോണം സംബന്ധിച്ച 200 രേഖകള്‍ പ്രത്യേക സംഘത്തിന് കൈമാറിയ ശേഷമാണ് മരണപ്പെട്ടത്. ന്യൂഡല്‍ഹിയിലെ ഹോട്ടല്‍മുറിയിലാണ് മരിച്ചനിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയിരുന്നത്. ശര്‍മയ്ക്കുമുമ്പ് ജബല്‍പുര്‍ കോളേജില്‍ ഡീനായിരുന്ന ഡോ. സകല്ലേയും ദുരൂഹസാഹചര്യത്തിലാണ് മരണപ്പെട്ടിരിക്കുന്നത്. കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവികൂടിയായിരുന്ന ഡോ. സകല്ലേ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഡോ.സകല്ലേയുടെ മരണം കൊലപാതകമാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജബല്‍പുര്‍ ഘടകം ആരോപിച്ചിരിക്കുന്നത്. ലേസര്‍ തോക്ക് ഉപയോഗിച്ചാണ് സകല്ലേയെ കൊലപ്പെടുത്തിയതെന്ന് ആരോപണമുയർന്നിട്ടും ഈ മരണം സംബന്ധിച്ച അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന്റെ പിന്‍ഗാമിയും ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടിരിക്കുകയാണ്.

വ്യാപം കേസിലെ പ്രതികളും സാക്ഷികളും തുടങ്ങി കുംഭകോണം പുറത്തുകൊണ്ടുവരാന്‍ തെളിവുകള്‍ നല്‍കിയവർ ഉൾപ്പെടെ 46 പേരാണ് ഇതിനകം ദുരൂഹ സാഹചര്യത്തിൽ മരിച്ചിരിക്കുന്നത്. ഹൃദയാഘാതം, റോഡപകടം, ആത്മഹത്യ, അമിത മദ്യപാനം, മാരകരോഗങ്ങള്‍, എന്നിവയൊക്കെ ആണ് മരണകാരണങ്ങളായി സര്‍ക്കാരും പൊലീസും വാദിക്കുന്നത്. “ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്ന് പരിഹസിക്കാന്‍വരെ” തയ്യാറായത് മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രിയായിരുന്ന ബാബുലാല്‍ ഗൗര്‍ ആണ്. അധികാര കേന്ദ്രത്തിൻ്റെ ഈ സ്വരം തന്നെ അപകടകരമാണ്. തിരിച്ചറിയാന്‍ കഴിയാത്ത മാരകവിഷ പ്രയോഗം വ്യാപം കൊലപാതകങ്ങളിലും നടന്നിട്ടുണ്ടോ എന്ന സംശയവും അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. പ്രമുഖരായ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകന്‍, ഗവര്‍ണറുടെ മകന്‍ എന്നിവരുടെ മരണങ്ങള്‍ ഇതിലേക്കുള്ള സൂചനയായാണ് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നത്.

കോളിളക്കം സൃഷ്ടിച്ച വ്യാപം അഴിമതി കേസിന്റെ തെളിവുകളും തുമ്പുകളും ഇല്ലാതാക്കാന്‍ ആസൂത്രണംചെയ്ത കൊലപാതകങ്ങളാണ് ഇവയെന്നാണ് ആരോപണം. തെളിവുകള്‍ പരമാവധി നശിപ്പിക്കാൻ ഉന്നത തലത്തിൽ തന്നെ ശ്രമം നടന്നിട്ടുണ്ട്. മാതൃകാഭരണമെന്ന് സംഘപരിവാര്‍ വാഴ്ത്തിവന്ന ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്തു തന്നെയാണ് മരണ പരമ്പരയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. “തനിക്കുപോലും ഭയം തോന്നിത്തുടങ്ങിയെന്നും, ആരുവേണമെങ്കിലും കൊല്ലപ്പെടാമെന്നും ” കേന്ദ്രമന്ത്രി ആയിരിക്കെ തുറന്നടിച്ചത് സാക്ഷാൽ ഉമഭാരതിയാണ്. അവരെ പോലും ഭയപ്പെടുത്തിയ കൊലപാതക പരമ്പരകളാണ് മധ്യപ്രദേശിൽ നടന്നിരിക്കുന്നത്. ഡോ. അരുണ്‍ ശര്‍മയ്ക്കു പുറമെ അക്ഷയ് സിങ്, അനാമിക കുശ്വാഹ, രമാകാന്ത് പാണ്ഡെ എന്നിങ്ങനെ നാലുപേരാണ് മൂന്നുദിവസത്തെ ഇടവേളയിൽ മരിച്ചിരുന്നത്.

ടിവി ടുഡെയുടെ റിപ്പോര്‍ട്ടറായ അക്ഷയ്സിങ് വ്യാപം അഴിമതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികെയാണ് മരണപ്പെട്ടത്. ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നമ്രത ദമോറിന്റെ രക്ഷിതാക്കളുടെ അഭിമുഖമെടുത്തതിനു പിന്നാലെയാണ് അക്ഷയ് സിങ്ങും മരണപ്പെട്ടിരുന്നത്. നമ്രതയുടെ വീട്ടില്‍നിന്ന് അക്ഷയ് ചായയും വെള്ളവും കുടിച്ചിരുന്നു. തുടർന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇദ്ദേഹത്തിന്റെ വായില്‍നിന്ന് നുരയും പതയും വരാന്‍ തുടങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായിരുന്നില്ല. ക്രമക്കേടിലൂടെ നിയമനം കിട്ടിയെന്നു കരുതപ്പെടുന്ന സബ്ഇന്‍സ്പെക്ടര്‍ ട്രെയ്നിയാണ് അനാമിക കുശ്വാഹ. ഇവരുടെ മൃതദേഹം സാഗറിലെ ഒരു തടാകത്തിലാണ് കാണപ്പെട്ടത്. എസ്ടിഎഫ് ചോദ്യംചെയ്ത പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്തിനെ പിന്നീട് തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയുണ്ടായി.

ഇതൊക്കെയാണ്, ബി.ജെ.പി ശക്തികേന്ദ്രമായ മധ്യപ്രദേശിലെ കാഴ്ചകൾ. ഇടക്കാലത്ത് കോൺഗ്രസ്സ് അധികാരത്തിൽ വന്നപ്പോഴും ഈ മാഫിയകൾക്കെതിരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല. ബി.ജെ.പിക്കും കോൺഗ്രസ്സിനും സംരക്ഷിക്കേണ്ട പല ഉന്നതരും ഈ കേസുകൾക്കെല്ലാം പിന്നിലുണ്ട്. അതു കൊണ്ടാണ് സിനിമാക്കഥകളെ വെല്ലുന്ന കൂട്ടമരണങ്ങൾ റിപ്പോർട്ട് ചെയ്ത കേസിൽ യഥാർത്ഥ വില്ലൻമാരെ ഇപ്പോഴും തൊടാൻ പോലും കഴിയാതിരിക്കുന്നത്. സിബിഐ അന്വേഷിക്കുന്ന വ്യാപം കേസ് കേവലം ചില അറസ്റ്റുകൾക്ക് അപ്പുറം എങ്ങുമെത്തിയിട്ടില്ല. ശിവ് രാജ് സിങ് ചൗഹാൻ ഇപ്പോഴും മുഖ്യമന്ത്രി പദത്തിൽ തുടരുകയുമാണ്. അദ്ദേഹം ‘വരച്ച വരയ്ക്ക് അപ്പുറം’ സി.ബി.ഐയെ ‘വിടാൻ’ നരേന്ദ്രമോദിയും തയ്യാറല്ല. രാഷ്ട്രീയ ഇന്ത്യയുടെ ഗതികേടാണിത്… അതെന്തായാലും പറയാതെ വയ്യ…

EXPRESS KERALA VIEW

 

Top