അംപയര്‍മാര്‍ ഔട്ട് വിളിച്ചില്ല; അത് ഇന്ത്യക്ക് ജയസാധ്യതയുള്ള ടെസ്റ്റ്; വിവിഎസ് ലക്ഷ്മണ്‍

സിഡ്‌നി: ഇന്ത്യക്ക് ജയസാധ്യതയുള്ള ടെസറ്റായിരുന്നു 2007- 2008 ഓസ്‌ട്രേലിയന്‍ പര്യടനത്തിലേതെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇന്ത്യക്ക് ജയസാധ്യതയുള്ള ടെസറ്റായിരുന്നത്. ശരിയാണ് മങ്കിഗേറ്റ് സംഭവം കൊണ്ടാണ് സിഡ്‌നി ടെസ്റ്റ് ഓര്‍ക്കപ്പെടുന്നത്. എന്നാല്‍ അംപയര്‍മാരുടെ പിഴവുകള്‍ ഇന്ത്യക്ക് വിനയായി. ഓസ്‌ട്രേലിയക്കാരുടെ ധാര്‍ഷ്ട്യമായിട്ടൊന്നും ഞാനതിനെ കാണുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാരെ ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പിന്നീട് സൈണ്ട്‌സിന്റെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയയെ രക്ഷിച്ചത്.

എന്നാല്‍ സൈമണ്ട്‌സ് ബാറ്റിങ്ങിനിടെ രണ്ടോ മൂന്നോ തവണ പുറത്തായിരുന്നു. എന്നാല്‍ അംപയര്‍മാര്‍ ഔട്ട് വിളിച്ചില്ല. ആര്‍ പി സിംഗിന്റെ പന്ത് സൈമണ്ട്‌സിന്റെ ബാറ്റിലുരസിയത് ഇന്നും വ്യക്തതയോടെ ഓര്‍ക്കുന്നു. ബാറ്റിലുരസുന്നതിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു. എന്നാല്‍ അംപയര്‍മാര്‍ ഔട്ട് വിളിച്ചില്ല. വൈകാതെ സൈമണ്ട്സ് സെഞ്ചുറി നേടുകയും ചെയ്തു. മാത്രമല്ല, ടെസ്റ്റിന്റെ അവസാനദിനം സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പുറത്തായത് തെറ്റായ തീരുമാനത്തിലൂടെയായിരുന്നു.” ലക്ഷ്മണ്‍ വ്യക്തമാക്കി.

മത്സരത്തില്‍ 122 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 463 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 532 റണ്‍സ് അടിച്ചെടുത്തു. 69 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഏഴിന് 401 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 332 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 210ന് കൂടാരം കയറുകയായിരുന്നു.

Top