VVIP security for Nita Ambani; Kejriwal attacks PM Modi over nepotism

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യക്ക് പ്രത്യേകമായി വൈ കാറ്റഗറി സുരക്ഷയൊരുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദമായി.

പതിവ് പോലെ പ്രധാനമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് രംഗത്ത് വന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്.

ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷ കണ്ടില്ലെന്ന് നടിക്കുന്ന നരേന്ദ്ര മോദി നിത അംബാനിയെ പോലുള്ള സുഹൃത്തുക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതിനെ വിമര്‍ശിച്ച കെജ്‌രിവാളിന്റെ പ്രതികരണത്തിന് വലിയ പിന്‍തുണയാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

അടുത്തയിടെ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ സുരക്ഷാ വിലയിരുത്തലിലാണ് നിത അംബാനിക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഹാര്‍മണി ഫൗണ്ടേഷന്‍, ഐഎസ്എല്‍ ഫുട്‌ബോള്‍ ടീം തുടങ്ങിയ വിവിധ മേഖലകളില്‍ സജീവമാണ് നിത.

വൈ കാറ്റഗറി സുരക്ഷപ്രകാരം 10 സിആര്‍പിഎഫ് ജവാന്മാരുടെ സംഘമാണ് അവര്‍ക്കൊപ്പമുണ്ടാവുക. ഇതിന് വേണ്ടി ചിലവഴിക്കുന്ന പണം അവര്‍ തന്നെയാണ് നല്‍കേണ്ടത്.

നിലവില്‍ മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷയുള്ളപ്പോഴാണ് ഭാര്യക്കും പ്രത്യേക സുരക്ഷയൊരുക്കുന്നത്.

ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ ലഭിക്കുന്ന രാജ്യത്തെ തന്നെ ആദ്യ ദമ്പതികളായി ഇതോടെ ഇവര്‍ മാറി.

ഡല്‍ഹിയിലെ പൊലീസിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവെ എടുത്ത തീരുമാനം കെജ്‌രിവാളിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

വ്യവസായ പ്രമുഖന്റെ ഭാര്യക്ക് നല്‍കിയ സുരക്ഷക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്.

ഡല്‍ഹി പെണ്‍കുട്ടിയുടെ ദാരുണമായ പീഡനത്തിന് ശേഷവും നിരവധി ആക്രമണങ്ങളാണ് സ്ത്രീകള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്നത്.

പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി പാര്‍ട്ടി നിരന്തരമായി ഡല്‍ഹിയില്‍ പൊലീസിനെതിരെ സമരത്തിലുമാണ്.

ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ക്കെതിരായ പൊലീസ് നടപടിയെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.

കിട്ടുന്ന അവസരങ്ങളിലെല്ലാം മോദിയെ കടന്നാക്രമിക്കുന്ന കെജ്‌രിവാള്‍ ലക്ഷ്യമിടുന്നത് അടുത്ത് നടക്കാനിരിക്കുന്ന പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളാണ്.

ബിജെപിയുടെ രാജ്യസഭാംഗമായിരുന്ന പ്രമുഖ ക്രിക്കറ്റ് താരം നവജ്യോത് സിദ്ദുവിനെ മുന്‍നിര്‍ത്തി പഞ്ചാബ് ഭരണം പിടിക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഇവിടെ നാല് എംപിമാര്‍ നിലവില്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ട്.

ഗുജറാത്തില്‍ മോദി വിരുദ്ധനായ സംവരണ സമരനായകനും 22കാരനുമായ പട്ടേല്‍ വിഭാഗം നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെ കൂട്ട് പിടിച്ച് ഗുജറാത്തിന്റെ ചരിത്രം തിരുത്തിയെഴുതാനുള്ള പുറപ്പാടിലാണ് കെജ്‌രിവാള്‍.

മണിപ്പൂരിലാവട്ടെ ഇറോം ശര്‍മ്മിളയെ കൂട്ട് പിടിച്ച് തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാനാണ് ആംആദ്മി പാര്‍ട്ടി കരുക്കള്‍ നീക്കുന്നത്.

Top