VV Dakshinamoorthy Passed away

കോഴിക്കോട് :പ്രമുഖ സിപിഐഎം നേതാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു.

കോഴിക്കോട്ടായിരുന്നു അന്ത്യം. ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളില്‍ അഗാധമായ പാണ്ഡിത്യമുള്ള വിവി ദക്ഷിണാമൂര്‍ത്തി എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ ജീവിതചര്യയോടൊപ്പം കാത്തുസൂക്ഷിച്ച വ്യക്തിത്വമാണ്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും അധ്യാപക പ്രസ്ഥാനത്തിലും ട്രേഡ് യൂണിയന്‍ രംഗത്തുമെല്ലാം പ്രവര്‍ത്തിച്ച് മികച്ച നേതൃപാടവം പ്രകടിപ്പിച്ച ദക്ഷിണാമൂര്‍ത്തി മികച്ച പാര്‍ലമെന്റേറിയനും പ്രഭാഷകനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു. അര്‍ബുദ ബാധിതനായി കോഴിക്കോട്ട് ചികിത്സയിലിരിക്കേയാണ് അന്ത്യം.

1934ല്‍ കോഴിക്കോട് ജില്ലയിലെ പനക്കാട്ടായിരുന്നു ദക്ഷിണാമൂര്‍ത്തിയുടെ ജനനം. പഠന കാലത്ത് തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ന്ന് നടന്ന ദക്ഷിണാമൂര്‍ത്തി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്.

പേരാമ്പ്ര ഹൈസ്‌കൂളിലെയും ഫാറൂഖ് കോളേജിലെയും ഗുരുവായൂരപ്പന്‍ കോളേജിലെയുമെല്ലാം പഠന കാലത്ത് വിദ്യാര്‍ത്ഥി സമരസംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി.

1952ല്‍ പതിനാറാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനോടൊപ്പം നിലകൊണ്ട ദക്ഷിണാമൂര്‍ത്തി ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു.

1968ല്‍ എകെജിയുടെ നേതൃത്വത്തില്‍ കാസര്‍കോഡ് നിന്നാരംഭിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ദക്ഷിണാമൂര്‍ത്തി നിരവധി സമരപോരാട്ടങ്ങള്‍ മുന്‍ നിരയില്‍ നിന്ന് നയിച്ചു.

ഇതിനിടെ നിരവധി തവണ പോലീസിന്റെ ക്രൂരമര്‍ദ്ധനത്തിനിരയായി. 26 വര്‍ഷക്കാലം അധ്യാപകനായി പ്രവര്‍ത്തിച്ച ദക്ഷിണാമൂര്‍ത്തി 1982ല്‍ വടക്കുമ്പാട് ഹൈസ്‌ക്കൂളില്‍ നിന്ന് സ്വമേധയാ വിരമിച്ചു.

അതേ വര്‍ഷം സിപിഐഎമ്മിന്റെ സംസ്ഥാനകമ്മറ്റി അംഗമായ ദക്ഷിണാമൂര്‍ത്തി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥാക്കാലത്ത് 16 മാസക്കാലം ജയില്‍ വാസമനുഷ്ഠിക്കേണ്ടി വന്നു. പേരാമ്പ്രയെ പ്രതിനിധീകരിച്ച് 1965ലും 67ലും 80ലും നിയമസഭയിലെത്തി. മികച്ച പാര്‍ലിമെന്റേറിയനെന്ന നിലയില്‍ അറിയപ്പെട്ട ദക്ഷിണാമൂര്‍ത്തി 80മുതല്‍ 82 വരെ സിപിഐഎമ്മിന്റെ നിയമസഭാ വിപ്പായിരുന്നു.

ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്ര ജീവനക്കാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികളെ സംഘടിത ശക്തിയാക്കി മാറ്റുന്നതിന് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.

ദീര്‍ഘ കാലം കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗമായിരുന്നു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ദക്ഷിണാമൂര്‍ത്തി ഏറെക്കാലം ദേശാഭിമാനിയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു.

ദേശാഭിമാനി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറാണ്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണാമൂര്‍ത്തി നിലവില്‍ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.

മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെക്കുറിച്ച കലവറയില്ലാത്ത അറിവിനുടമയായ ദക്ഷിണാമൂര്‍ത്തി ആശയരംഗത്ത് സിപിഐഎമ്മിന്റെ മൂര്‍ച്ചയുള്ള നാവുകളിലൊന്നായിരുന്നു.

ഒരു തലമുറയെ മാര്‍ക്‌സിസം പഠിപ്പിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ചേര്‍ത്ത് നിര്‍ത്തിയ നേതാവ്. എണ്‍പത്തിരണ്ടാമത്തെ വയസ്സില്‍ ദക്ഷിണാമൂര്‍ത്തി വിടവാങ്ങുമ്പോള്‍ നഷ്ടമാവുന്നത് എന്നും ജനങ്ങളോടൊപ്പം നിലകൊണ്ട, സാധാരണക്കാരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ മുന്‍നിരയില്‍ നിന്ന് നയിച്ച അതുല്യനായ നേതാവിനെയാണ്.

Top