5 കോടിയുടെ സ്മാരകത്തിന് 500 രൂപ സംവിധായകന്‍ വക; ട്രോളി ബല്‍റാം

തിരുവനന്തപുരം: 2020 സംസ്ഥാന ബജറ്റില്‍, അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ സ്മാരകം പണിയുന്നതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ, പഴയ ചില ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് പരിഹസിച്ചിരിക്കുകയാണ് വി ടി ബല്‍റാം എംഎല്‍എ.

ബാര്‍ കോഴ ആരോപണത്തില്‍ കേരള രാഷ്ട്രീയം കത്തിനില്‍ക്കുന്ന സമയത്ത് കെ എം മാണിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഇടതുപക്ഷത്ത് നിന്നുമുണ്ടായത്. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു ഇടതുപക്ഷ അനുയായിയും സംവിധായകനുമായി ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

”അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ” എന്നായിരുന്നു ആഷിഖ് അബുവിന്റെ പോസ്റ്റ്.

ഇപ്പോഴിതാ ഈ പോസ്റ്റിനെ ഓര്‍ത്തെടുത്തുകൊണ്ട് പരോക്ഷമായി ഇടതുപക്ഷത്തിനും ആഷിഖ് അബുവിനുമുള്ള ട്രോളാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

5 കോടിയില്‍ പ്രമുഖ സംവിധായകന്‍ വക 500 രൂപ കുറച്ച്, ബാക്കി 4,99,99,500 രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചാല്‍ മതിയല്ലോ അല്ലേ? – എന്നാണ് ബല്‍റാം ബജറ്റ് പ്രസംഗത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Top