തൃശൂർ ലോകസഭ മണ്ഡലം ‘പിടിച്ചെടുക്കാൻ’ മുന്നണികൾ; വി.ടി ബൽറാം, സുനിൽകുമാർ, സുരേഷ് ഗോപി . . . ഏറ്റുമുട്ടും !

രുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കാൻ പോകുന്ന മണ്ഡലമാണ് തൃശൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും ഇത്തവണ ഇനി മത്സരത്തിനില്ലന്ന നിലപാടിലാണ് ടി.എൻ പ്രതാപനുള്ളത്. ഈ സാഹചര്യത്തിൽ പകരം മുൻ തൃത്താല എം.എൽ.എകൂടിയായ വി.ടി ബൽറാം രംഗത്തിറങ്ങാനാണ് സാധ്യത. ഇത്തരം ഒരാവശ്യം സിറ്റിംങ് എം.പി തന്നെ മുന്നോട്ടു വച്ചാൽ കോൺഗ്രസ്സ് ഹൈക്കമാന്റിനും തള്ളിക്കളയാൻ കഴിയുകയില്ല. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയ 19 സീറ്റുകൾ എന്തായാലും ഇത്തവണ ലഭിക്കില്ലന്നു വിലയിരുത്തുന്ന കോൺഗ്രസ്സ് നേതൃത്വം പരമാവധി സീറ്റുകൾ നിലനിർത്തി ഘടകകക്ഷികളെ ഒപ്പം നിർത്താനാണ് ശ്രമിക്കുന്നത്.

തൃശൂരിൽ മികച്ച സ്ഥാനാർത്ഥിയില്ലങ്കിൽ മൂന്നാം സ്ഥാനത്ത് ആയിപ്പോകുമോ എന്ന ഭയവും കോൺഗ്രസ്സിനുണ്ട്. അവിടെയാണ് വി.ടി. ബൽറാമിന്റെ പേരും പ്രസക്തമാകുന്നത്. അതേസമയം കഴിഞ്ഞ ആറു തെരഞ്ഞെടുപ്പുകളിൽ സിറ്റിങ്​ എം.പിയെ ​തോൽപ്പിക്കുന്ന പതിവ്​ ഇത്തവണയും ആവർത്തിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇടതുപക്ഷമുള്ളത്. 1998-ൽ ജയിച്ച സി.പി.ഐയെ 99-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്​ അട്ടിമറിച്ചതു മുതൽ തുടരുന്ന ശീലമാണ്​ 2019ലും തൃശൂരിൽ ആവർത്തിച്ചിരുന്നത്.

പ്രതാപന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ഭൂരിപക്ഷം. വയനാട്ടിൽ രാഹുൽ മത്സരിച്ചതിന്റെ ഇഫക്ട് ആണ് തൃശൂരിലും പ്രകടമായിരുന്നത്. അതല്ലങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കില്ലായിരുന്നു. ഇടതുപക്ഷം ഒറ്റ സീറ്റിൽ ഒതുങ്ങാനും യു.ഡി.എഫിനു 19 സീറ്റുകൾ തൂത്തുവാരാനും കാരണമായി രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും ഇതേ കാരണം തന്നെയാണ്. കഴിഞ്ഞ തവണത്തെ ആ തെറ്റ് ഇത്തവണ ജനങ്ങൾ തീരുത്തുമെന്നാണ് ഇടതു നേതൃത്വത്തിന്റെ പ്രതീക്ഷ. കുറേകാലമായി സി.പി.ഐ മത്സരിച്ചുവരുന്ന സീറ്റായതിനാൽ തൃശൂർ സീറ്റിൽ ഇത്തവണയും മാറ്റമുണ്ടാകില്ലന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ വന്നാൽ, മുൻ മന്ത്രി വി.എസ്.സുനിൽകുമാറിനു തന്നെയാണ് സാധ്യത.

vs sunilkumar

മികച്ച പ്രതിച്ഛായയുള്ള സുനിൽകുമാറിന്റെ കാര്യത്തിൽ സി.പി.എമ്മിനും വലിയ ആത്മവിശ്വാസമാണുള്ളത്. ഇത്തവണ ലോകസഭയിൽ അംഗങ്ങളെ വർദ്ധിപ്പിക്കേണ്ടത് സി.പി.ഐയെ സംബന്ധിച്ച് പരമപ്രധാന ലക്ഷ്യമായതിനാൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും ജനസമ്മതി തന്നെയാണ് മാനദണ്ഡമാവുക. ഇതും സുനിൽ കുമാറിനു മുൻതൂക്കം നൽകുന്ന ഘടകമാണ്. നടൻ സുരേഷ്​ ഗോപിയുടെ സ്ഥാനാർഥിത്വത്തിലൂടെ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച ബി.ജെ.പി, ഇത്തവണയും സുരേഷ് ഗോപിയെ തന്നെ രംഗത്തിറക്കി തൃശൂർ സീറ്റ് പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു മുതൽ തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുരേഷ് ഗോപി നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണ്.

തൃശൂർ നഗരത്തിന്റെ വികസനത്തിനായി എം.പി ഫണ്ടിൽ നിന്നും പണം ചിലവാക്കിയതു പോലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. കേരളത്തിൽ ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്ന് തൃശൂരും മറ്റേത് തിരുവനന്തപുരവുമാണ്. ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ കേന്ദ്ര നേതാക്കളെ മുതൽ സിനിമാ താരങ്ങളുടെ ഒരു പടയെ തന്നെ രംഗത്തിറക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. അവർ ഇതിനകം തന്നെ പ്രവർത്തനവും തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

എന്നാൽ എന്ത് വില കൊടുത്തും തൃശൂരിൽ താമര വിരിയിക്കാൻ സമ്മതിക്കില്ലന്ന വാശിയിലാണ് ഇടതുപക്ഷവും മുന്നോട്ടു പോകുന്നത്. നിയമസഭയിലെ ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ച ആത്മവിശ്വാസമാണ് ചെമ്പടയെ നയിക്കുന്നത്. വി.എസ് സുനിൽ കുമാർ സ്ഥാനാർത്ഥിയായാൽ തൃശൂരിലെ വിജയം ഉറപ്പാണെന്നാണ് ഇടതുപക്ഷ അണികളും അവകാശപ്പെടുന്നത്.മത്സരിക്കാൻ സാധ്യതയുള്ള ഈ മൂന്നു പേരും മികച്ച പ്രതിച്ചായ ഉള്ളവരാണ് എന്ന കാര്യത്തിൽ തർക്കമില്ല. എതിരാളികളുടെ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാനുള്ള ശേഷിയും ഇവർക്കുണ്ട്. അതു കൊണ്ടു തന്നെ ഇത്തരമൊരു സ്റ്റാർ പോരാട്ടമാണ് നടക്കുന്നതെങ്കിൽ ക്ലൈമാക്സും വേറെ ലെവലായിരിക്കും.

EXPRESS KERALA VIEW

Top