പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞുവീണ സംഭവം ഞെട്ടിപ്പിക്കുന്നത്; പ്രതികരണവുമായി ബല്‍റാം എംഎല്‍എ

VT-balram

തിരുവനന്തപുരം: കൊച്ചി മെട്രോക്ക് സമീപം പോത്തീസിന്റെ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞു വീണ സംഭവത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം എംഎല്‍എ. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ആളപായമുണ്ടായിട്ടില്ല എന്നത് ഭാഗ്യം മാത്രമായേ കാണാന്‍ കഴിയൂ. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞതിനൊക്കെ ശേഷമാണ് ഇങ്ങനെയൊരപകടം നടന്നിരുന്നത് എങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും അദേഹം ചോദിച്ചു.

ഇപ്പോഴുണ്ടായ അപകടം ഒരു സൂചനയായി കാണണമെന്നും വേണ്ടത്ര ജാഗ്രത ഭാവിയിലെങ്കിലും ഉണ്ടാകണമെന്നും ബല്‍റാം പറഞ്ഞു. ബഹുനിലക്കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വ്യവസ്ഥകളിലും കാലാനുസൃതവും ശാസ്ത്രീയവുമായ മാറ്റങ്ങള്‍ കൊണ്ടുവരണം. കൊച്ചിയിലെ പല സ്ഥലങ്ങളും ഇക്കഴിഞ്ഞ പത്തിരുപത് വര്‍ഷത്തിനുള്ളില്‍ ചതുപ്പ് നികത്തിയെടുത്തതാണെന്നും 40ഉം 50ഉമൊക്കെ മീറ്റര്‍ താഴ്ചയിലാണ് ഇവിടെയൊക്കെ കട്ടിയുള്ള മണ്ണ് ഉള്ളതെന്നും പറയപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വന്‍കിട നിര്‍മ്മാണങ്ങളുടെ കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധയും നിരന്തര പരിശോധനകളും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോഴത്തെ കാര്യത്തില്‍ ഏതെങ്കിലും നിയമലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പ്രത്യേകമായി അന്വേഷിക്കണം. നഗര വികസന വകുപ്പ്, ഭൗമ ശാസ്ത്രവകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും ഉറക്കം വിട്ട് ഉണര്‍ന്നേ മതിയാകൂ. ദീര്‍ഘവീക്ഷണത്തോടെയുള്ള ടൗണ്‍പ്ലാനിങ് സംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. പൗരന്മാരുടെ ജീവന്‍ വച്ച് കളിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ബല്‍റാം പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വി ടി ബല്‍റാമിന്റെ പ്രതികരണം.

Top